2008-01-27

ദൈവവിളി

ഞങ്ങള്‍ ചെറുതായിരുന്നപ്പോള്‍ മഠത്തില്‍ ചേര്‍ന്ന അപ്പന്‍പെങ്ങള്‍ വന്ന് അമ്മയോട് പറയുമായിരുന്നു, നിനക്ക് മൂന്ന് പെണ്‍മക്കളില്ലേ, ഒരണ്ണെത്തിനെ എനിക്ക് താടീ എന്ന്. ഇത് എല്ലാ കന്യാസ്ത്രീകളും പ്രായഭേദമന്യേ ചെയ്തുപോന്നിരുന്ന ഒരു മാര്‍ക്കെറ്റിങ്ങ് യജ്ഞം ആയിരുന്നു. എന്റെ കൊച്ചുങ്ങളൊന്നും മഠത്തില്‍ ചേരാന്‍ പോണില്ല എന്ന് അമ്മ തറപ്പിച്ച് പറയുമ്പോള്‍, കന്യാസ്ത്രീയമ്മ ഞങ്ങളെ മൂന്നെണ്ണത്തിനേം നോക്കി ഒരു പുഞ്ചിരി തൂകിയിട്ട് പ്രത്യേകിച്ച് ഇളയവളായ എന്നെ നോക്കിയിട്ട് പറയും, അതൊന്നും നമ്മള്‍ക്ക് ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ല, എപ്പോഴാ ദൈവവിളി വരുകയെന്ന് ആര്‍ക്കും അറിയില്ല എന്ന്.

അന്ന് മുതല്‍ ഞാന്‍ കഠിനമായി ഭയന്നിരുന്ന ഒന്നാണ് ഈ ദൈവവിളി. എന്താ സംഭവം എന്ന് ആരോടും ചോദിച്ചു മനസ്സിലാക്കാന്‍ എന്തോ തുനിഞ്ഞുമില്ല. എനിക്ക് കാര്യം അറിയാമായിരുന്നു എന്നായിരുന്നു എന്റെ ധാരണ. കാരണം മറിയത്തിനു മാലാഖ പ്രത്യക്ഷപ്പെട്ട പോലെ എന്തോ സെറ്റപ്പില്‍ മാലാഖയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദൈവത്തിന്റെ സ്വന്തം ഏജന്റോ വന്ന് രാത്രി നമ്മളെ വിളിച്ചുണര്‍ത്തി നമ്മള്‍ക്ക് ദൈവവിളി ഉണ്ടായ കാര്യം അറിയിക്കുമെന്നായിരുന്നു എന്റെ ഒരു ഏകദേശ ധാരണ. ദൈവമല്ല വൈകുന്നേരങ്ങളില്‍ കോലൈസ് വില്‍ക്കുന്നയാള് വന്ന് വിളിച്ചാലും രാത്രി ഉറക്കത്തിലെഴുന്നേല്‍ക്കില്ലാന്ന് ഉറപ്പുണ്ടെങ്കിലും ദൈവം അയക്കുന്ന ആള്‍ നല്ല പ്രകാശത്തിലാണ് വരിക എന്ന് പുസ്തകത്തിലെ പടത്തിലൊക്കെ കണ്ടിട്ടുള്ളതുകൊണ്ട് വെട്ടമിട്ടാല്‍ ഉറങ്ങാന്‍ പറ്റാത്ത ഞാന്‍ വല്ലാതെ അസ്വസ്ഥയായി. ഇതെപ്പോ വേണമെങ്കിലും ആര്‍ക്കും സംഭവിക്കാവുന്ന ഒന്നാണെന്ന് ഞാന്‍ മനസ്സില്‍ കരുതി.

ദൈവം ഒരു റാന്‍ഡം സെലക്ഷനിലൂടെ ഇന്ന ഇന്ന പേര്‍ക്ക് ദൈവവിളി ഉണ്ടാക്കുന്നുവെന്നും അന്ന് മുതല്‍ നമ്മള്‍ മഠത്തില്‍ ചേരണമെന്നുമായിരുന്നു ഞാന്‍ വിചാരിച്ചു വെച്ചിരുന്നത്. രാത്രി ഒരുപാട് പ്രാര്‍ത്ഥിച്ച് കിടന്നാല്‍ ഉറപ്പാണ് ദൈവവിളി ഉണ്ടാവാനുള്ള ചാന്‍സ് കൂടുതലാണ്, അതുകൊണ്ട് പറ്റാവുന്ന കുരുത്തക്കേടൊക്കെ ഞാന്‍ പകല്‍ ചെയ്യാതെ രാത്രി അത്താഴ സമയത്ത് ചെയ്യും. അമ്മയുടെ കയ്യില്‍ നിന്ന് തല്ലോ വഴക്കോ മേടിക്കും. അങ്ങിനെ അധികം വിശുദ്ധിയൊന്നുമില്ലാതെ കിടന്നുറങ്ങുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടാന്‍ ചാന്‍സ് കുറവാണല്ലോ. ഹോസ്റ്റലില്‍ ആയിരുന്ന സമയത്ത് ബുദ്ധിപൂര്‍വ്വം കൊന്ത ചൊല്ലലും മറ്റും ഞാന്‍ കാലത്തേക്ക് മാറ്റി. എന്തായാലും ഈ ദൈവവിളി വരുന്നത് ഉറങ്ങുന്ന സമയത്താണ്. പകലുറങ്ങാത്തതുകൊണ്ട് ആ നേരത്ത് വിളി വരില്ല എന്നുള്ള അതീവ ലോജിക്കല്‍ കണ്‍ക്ല്യൂഷനില്‍ ഞാന്‍ എത്തിച്ചേര്‍ന്നിരുന്നു.

മഠത്തില്‍ ചേരുന്നത് അത്ര മഹാ പാതകമാണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഒരിക്കല്‍ കന്യാസ്ത്രീയമ്മയുടെ കൂടെ മഠത്തില്‍ പോയപ്പോഴാണ്. നൂറേക്കറില്‍ ഇരിക്കുന്ന ക്രീം നിറത്തിലുള്ള മഠത്തിന്റെ കെട്ടിടം ചുറ്റും മാവും പ്ലാവും അമ്പഴങ്ങയും ലൌലോലിക്കയും അങ്ങിനെ ഒരു ഏദന്‍ തോട്ടം തന്നെയായിരുന്നു. നിറയേ റോസാചെടികളും പൂക്കളും തണുപ്പുള്ള കോറിഡോറുകളും. ഇതെല്ലാം കഴിഞ്ഞ് മഠത്തിനുള്ളിലേക്ക് കടക്കുമ്പോള്‍ കാണുന്നത് കന്യാസ്ത്രീകള്‍ താമസിക്കുന്നത് ശരിക്കും ഒരു ബാത്ത് റൂമിന്റെ അത്രയൊക്കെ മാത്രം വലുപ്പമുള്ള ഒരു ചെറിയ ജനല്‍ മാത്രമുള്ള തീരെ ചെറിയ കുടുസ്സ് മുറികളിലായിരുന്നു. ഒരു ചെറിയ കട്ടിലിടാന്‍ മാത്രം സ്ഥലം. ഒരു ചെറിയ സ്റ്റൂളും. ഇതല്ലാതെ ഒന്നും ആ മുറിയില്‍ ഇല്ല. ശരിക്കും വീട്ടിലെ അരിയും മറ്റും സൂക്ഷിക്കുന്ന സ്റ്റോറ് റൂമുകള്‍ പോലെ ഇരുട്ട് മുറികള്‍. ആദ്യം കണ്ട പൂങ്കാവനം ഏദം തോട്ടമാണെങ്കില്‍ ഉള്ളിലുള്ളത് നരകതുല്യമായ ജീ‍വിതം. ചുമ്മാതല്ല ഈ കന്യസ്ത്രീകള്‍ക്ക് മൂക്കത്ത് ശുണ്ഠി, എപ്പോഴും ഡ്രോയിങ്ങ് ക്ലാസ്സില്‍ കണ്ണ് പൊട്ടും വരെ ചീത്ത പറയുമായിരുന്നു കന്യാസ്ത്രീയെ ഞാന്‍ അതെല്ലാം കണ്ടപ്പോള്‍ ഓര്‍ത്തു.

ഇതുപോലെയൊരു സെറ്റപ്പിലേക്കാണ് ഈ ദൈവവിളി വന്ന് കഴിഞ്ഞാല്‍ നമ്മള്‍ പോകേണ്ടത്. മാത്രമല്ല, കഴുത്തൊപ്പം തലമുടി മുറിക്കല്‍, ഒന്നാമത്തെ കൊല്ലം മൌനവൃതം. ഇതൊക്കെ സഹിക്കാമെങ്കിലും കല്ല്യാണങ്ങള്‍ കൂടാന്‍ കന്യാസ്ത്രീകള്‍ക്ക് വിലക്കായിരുന്നു. മരണവീടുകളില്‍ മാത്രം കടന്ന് ചെല്ലാവുന്നവര്‍. അച്ചന്മാര്‍ക്കില്ലാത്ത ഒരുപാട് കുരിശുകള്‍ കര്‍ത്താവിന്റെ മണവാട്ടികള്‍ക്ക്. മറ്റെന്തും സഹിക്കും ആഘോഷങ്ങള്‍ക്ക് പോകുവാന്‍ പാടില്ലായെന്നുള്ള വിലക്ക് എന്നെ വല്ലാതെ വീര്‍പ്പുമുട്ടിച്ചിരുന്നു. മാത്രമല്ല, അപ്പനും അമ്മയേയും ഒന്ന് കാണുവാന്‍ വരാന്‍ തന്നെ ഒരുപാട് കടമ്പകള്‍ കടക്കണം. അസുഖം വന്നാല്‍ പോലും വീട്ടുകാരല്ല, മറിച്ച് മഠത്തിലെ ആളുകളാണ് ശുശ്രൂഷിക്കുക. ഇങ്ങിനെ ഒരു മനുഷ്യനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാവുന്ന ജയിലിനേക്കാളും കഷ്ടമുള്ള കുറേ നിബന്ധനകള്‍.

പത്താംക്ലാസ്സ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണെന്ന് തോന്നുന്നു വൂപ്പി ഗോള്‍ഡ്‌ബേര്‍ഗിന്റെ സിസ്റ്റര്‍ ആക്റ്റ് കാണുന്നത്. അതില്‍ വൂപ്പി കന്യാസ്ത്രീകളുടെ ഇടയില്‍ കിടന്ന് നട്ടം തിരിയുന്ന കാഴ്ച പല രാത്രികള്‍ എന്നെ ഉറക്കാതെ കിടത്തി. ഇടയ്ക്ക് ഇടയ്ക്ക് ഞങ്ങള്‍ക്ക് വയസ്സ് കൂടുന്തോറും കന്യാസ്ത്രീയമ്മ വന്ന് ദൈവവിളിയുടെ കാര്യവും ഈ കുടുംബത്തില്‍ നിന്ന് ആരെങ്കിലും കന്യാസ്ത്രീയാവണമെന്നും വരുമ്പോള്‍ വരുമ്പോള്‍ ഓരോ കൊന്തയും ഓരോ കുഞ്ഞു പ്രാര്‍ത്ഥനകളും തന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടുമിരുന്നു. കന്യാസ്ത്രീയമ്മ രണ്ട് സെക്കന്റില്‍ കൂടുതല്‍ എന്റെ തലയില്‍ കൈ അറിയാതെ പോലും വെച്ചാല്‍ ഞാന്‍ കുതറി മാറും. ഈ കറന്റ് പാസ്സ് ചെയ്യുന്നതുപോലെ ദൈവവിളി കിട്ടിയ പരിചയം ഉള്ള ഒരാളില്‍ നിന്ന് അത് കിട്ടാത്ത ഒരു ഇളം തലയ്ക്ക് അത് പെട്ടെന്ന് കടന്നെങ്കിലോ എന്ന ഭയം.

ഇത്രയും പേടിച്ചിരുന്നിട്ടും ഇങ്ങിനെയൊരു പ്രശ്നം ചേച്ചിയോടോ കൂട്ടുകാരോടോ പറയാനും എനിക്ക് ഭയങ്കര നാണക്കേട്. എല്ലാവരും എന്നെപ്പോലെയല്ല, അവരൊക്കെ ഈ ദൈവവിളിക്കായി കാതോര്‍ത്തിരിക്കുകയാണെന്നാണ് ഞാന്‍ ധരിച്ചു വെച്ചിരുന്നത്. ആ നേരത്ത് ഞാന്‍ എങ്ങിനെ എനിക്കീ ദൈവവിളി പേടിയാണ് എനിക്ക് കല്ല്യാണം കഴിച്ച് പിള്ളേരുടെ അമ്മയായാല്‍ മതിയെന്ന് പറയും? അതുകൊണ്ട് അതീവരഹസ്യമായി ഞാനിത് മനസ്സില്‍ കൊണ്ട് നടന്ന് സ്വയം പീഡിപ്പിച്ചിരുന്നു.

കൂടെ പഠിച്ചിരുന്ന രണ്ട് കൂട്ടുകാരികളും ബിരുദത്തിനു ശേഷം മഠത്തില്‍ ചേരാന്‍ തീരുമാനിച്ചതോട് കൂടിയാണ് ദൈവവിളി വരുന്നത് അങ്ങിനെ രാത്രിയും ഉറങ്ങുന്ന നേരത്തൊന്നുമല്ല മറിച്ച് ഡോക്ടറാവണമെന്നും എഞ്ചിനീയറാവണമെന്നും ടീച്ചറാവണമെന്നും ഒക്കെ സ്വയം ആലോചിച്ചു തീരുമാനിക്കുന്നതുപോലെ ഒരു തീരുമാനമാണെന്ന് മനസ്സിലായത്. കരിയര്‍ പോലെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാവുന്നതുമല്ല. ഒരുപാട് ഒരുപാട് ത്യാഗങ്ങള്‍ സഹിക്കാന്‍ സന്നദ്ധയാവണം, മെഴുകുതിരികള്‍ പോലെ പ്രകാശം പരത്തി ഉരുകിത്തീ‍രാനും.

13 പ്രതികരണങ്ങള്‍:

Suraj said...

വേറെ ചില തരത്തിലും ദൈവവിളികള്‍ ഉണ്ടാകുന്നതു കണ്ടിട്ടുണ്ട്. ഒരു സാമ്പിള്‍ ഇവിടെ വിവരിച്ചിട്ടുണ്ട്.


“ കരിയര്‍ പോലെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാവുന്നതുമല്ല. ഒരുപാട് ഒരുപാട് ത്യാഗങ്ങള്‍ സഹിക്കാന്‍ സന്നദ്ധയാവണം, മെഴുകുതിരികള്‍ പോലെ പ്രകാശം പരത്തി ഉരുകിത്തീ‍രാനും. ”

വളരെ സത്യം! വെറുതേ ആത്മീയതയും പറഞ്ഞു നടക്കുന്നവരല്ലല്ലോ ഈ അമ്മമാര്‍. ഒരു സ്ത്രീക്കു മാത്രം സാധിക്കുന്ന വിശ്വാസധീരതയും കാരുണ്യവും ലോകത്തിനു മുഴുവനുമായി അവര്‍ വീതം വയ്ക്കുന്നു - അതിലെ കൊച്ചു കൊച്ചു പിഴവുകള്‍ക്ക് അവരെ ഒരിക്കലും കുറ്റം പറയാനാവില്ലതാനും.

siva // ശിവ said...

ഞാന്‍ വിശ്വസിക്കുന്നത്‌ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണു ഇതെന്നാണു.....കാരണം പിന്നീട്‌ ഇവര്‍ക്കൊന്നും ഒരു മാതൃകയാവാന്‍ പോലും കഴിയുന്നില്ല....

Anonymous said...

കന്യാസ്ത്രീജീവിതം വളരെ ബുദ്ധിമുട്ടാണ്.ആ ബുദ്ധിമുട്ടു സഹിച്ചു പല കന്യാസ്ത്രീകളുടെയും സ്വഭാവം കഠിനവും വികലവുമായിപ്പോകുന്നു. പല കന്യാസ്ത്രീകളും മറ്റുള്ളവരുടെ വികാരവിചാരങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും മാനിക്കാന്‍ കഴിയാത്തവരാണ്. മട്ടുള്‍ലവരുറ്റെ ബുദ്ധിമുട്ടുകളൊന്നും പൊതുവെ കന്യാസ്ത്രീകള്‍ പരിഗണിക്കാറില്ല.പൊതുവെ കന്യാസ്ത്രീകള്‍ക്കു ജനാധിപത്യബോധമോ ജനാധിപത്യ മര്യാദയോ ഇല്ല.സ്വന്തം അഭിപ്രായം മറ്റുള്ളവരുടെ മേല്‍ എന്തുവിലകൊടുത്തും അടിച്ചേല്‍പ്പിക്കണമെന്നു നിര്‍ബന്ന്ധബുദ്ധിയുള്ളവരാണു കന്യാസ്ത്രീകള്‍.മറ്റുള്ളവരുടെ വ്യക്തിപരവും ഗാര്‍ഹികവുമായ കാര്യങ്ങളില്‍ ഇടപെടാന്‍ നാണമില്ലാതെ അവര്‍ ശ്രമിക്കും.ലൈംഗികതയെ അടിച്ചമര്‍ത്തുന്നതുകൊണ്ടു കന്യാസ്ത്രീകള്‍ക്കുണ്ടാകുന്ന മനോവൈകല്യങ്ങള്‍ സഹിക്കേണ്ടിവരുന്നതു അവരുടെ സ്ഥാപനങ്ങളില്‍ ളില്‍ ചെന്നുപെടുന്ന പാവങ്ങളാണ്.പല കന്യാസ്ത്രീകളും ശരിക്കും പിശാചുക്കളാണെന്നു അനുഭവസ്ഥര്‍ക്ക് അറിയാം.ചില കന്യാസ്ത്രീകള്‍ക്കു തിരുവസ്ത്രം നല്ല ഒരു മരയാണ്.

Anonymous said...

ചില കന്യാസ്ത്രീകള്‍ക്കു തിരുവസ്ത്രം നല്ലൊരു മറയാണ്.

മനോജ് കെ.ഭാസ്കര്‍ said...

ദൈവമേ എനിക്കൊക്കെ എന്ന് ദൈവവിളിയുണ്ടാകുമോ എന്തോ...
ഒരു മറയുണ്ടാകുന്നത് എന്തിനും നല്ലതിനല്ലേ...?

ചീര I Cheera said...

ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്, ഞങ്ങളുടെ അടുത്തുള്ള ഒരു കോണ്‍‌വെന്റും പരിസരവുമാണ്.
അവിടത്തെ കന്യാസ്ത്രീകളുടെ സ്നേഹപൂര്‍വമുള്ള സമീപനം മാത്രമേ എനിയ്ക്കറിയാവൂ..
അവരവിടെ മനസ്സിനു വളര്‍ച്ചവരാത്ത കുറേ കുഞ്ഞുങ്ങളെ വളര്‍ത്തുന്നുണ്ട്,ശരീരവൂം, മനസ്സും അര്‍പ്പിച്ചു കൊണ്ട് തന്നെ. അങ്ങനെയുള്ള വേറെയൂം കോണ്‍‌വെന്റുണ്ടവിടെ.
മനുഷ്യര്‍ പലതരക്കാരല്ലേ, അവരും മനുഷ്യരാണല്ലോ.

Satheesh said...

ഇഞ്ചീ, നല്ല ഒര്‍ പോസ്റ്റ് . ഈ ദൈവവിളി എന്താണെന്ന് പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴാണ്‍ എനിക്ക് ഇതെന്താണെന്ന് ഒരേകദേശ രൂപം കിട്ടിയത്! :) അതിനെ പേടിക്കേണ്ട ഒരു അവസ്ഥ ഇല്ലാഞ്ഞത് കൊണ്ടായിരിക്കാം അതിനെപറ്റി അറിയാന്‍ ശ്രമിച്ചില്ല!
അവസാനത്തെ വാചകം പോസ്റ്റിനെ മൊത്തത്തില്‍ വേറൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു എന്നു പറയാതെ വയ്യ.

ps: കമന്റുന്നവര്ക്ക് വഴിതെറ്റി, ഈ പോസ്റ്റ് ഒരു വികലമായ ചര്‍ച്ചക്ക് തുടക്കമിട്ടേക്കാം എന്ന് ഞാന്‍ പേടിക്കുന്നു!:(

Inji Pennu said...

അനോണിമസേ.
ആ പറഞ്ഞ കാര്യങ്ങള്‍ കന്യാസ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ ഉള്ളത്. ഒരുമാതിരിപ്പെട്ട മനുഷ്യര്‍ക്കെല്ലാമുണ്ട്. വൃത്തികേടുകള്‍ കാണിക്കാന്‍ മറ എല്ലാവര്‍ക്കും ഉണ്ട്, സാഹിത്യ ബുദ്ധി ജീവികള്‍ക്ക് മുതല്‍ ഡോക്ടര്‍മാര്‍ക്ക് വരെ.

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, അപ്പോള്‍ ഇങ്ങനെയാണ് ദൈവവിളി വരുന്നത് അല്ലേ?
ആ അവസാനത്തെ കമന്റിനു താഴെ ഒരു കയ്യൊപ്പ്.

Visala Manaskan said...

ഇഞ്ചി അടിപൊളിയായിട്ടെഴുതിയിട്ടുണ്ട്. ശരിക്കും റ്റച്ചിങ്ങ്‌! :(

വിഷമം തോന്നി.

ഓടോ:

ദൈവവിളിയെപ്പറ്റി ഇഞ്ചി റ്റെന്‍ഷനടിച്ചത് പറഞ്ഞപ്പോള്‍ ഓര്‍ത്ത ഒരു കാര്യം പറയട്ടെ.

എന്റെ അച്ഛന്റെ അച്ഛന്‍ അതായത് അച്ചാച്ഛന്‍ (അച്ഛന്റെ അച്ഛനെ പിന്നെ എന്താ പറയാല്ലേ?)ഓക്കെ, ആള്‍ എടത്താടന്‍ മുത്തപ്പന്റെ ലീഗല്‍ വെളിച്ചപ്പാടായിരുന്നു.

അച്ചാച്ഛന്റെ കാലശേഷം, ആ സിദ്ധി ശരിക്കും അച്ഛന് കിട്ടേട്ടണ്ടതായിരുന്നു. പക്ഷെ, ഒരുദിവസം അമ്പലത്തില്‍ തുള്ളല്‍ നടക്കുമ്പോള്‍ അടുക്കളയില്‍ ചോറുണ്ടിരുന്ന വല്യച്ഛന്‍ വീട്ടില്‍ കിടന്ന് തുള്ളുകയും ചില അപശബ്ദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതിന്റെ ഫലമായി ആള്‍ തന്നെ അടുത്ത ‘റിമ്പോച്ചെ’ എന്ന് പറഞ്ഞ് വാഴിക്കുകയായിരുന്നു.

പില്‍ക്കാലത്ത്, വല്യച്ഛന്‍ അച്ഛാച്ചനേലും വല്യ വെളിച്ചപ്പാടായി ഒരുപാട് പ്രവചനങ്ങള്‍ നടത്തുകയും അതില്‍ ചിലതെല്ലാം സ്വാഭാവികമായും നടക്കുകയും വീട്ടുകാര്‍ അത് മാത്രം ക്വോട്ട് ചെയ്യുകയും ചെയ്തുപോന്നു.

എന്റെ തലമുറ വന്നപ്പോള്‍ മക്കള്‍ സംഘം‘സോറി... ടൈമില്ല. വേറെ പണിയുണ്ട്!’ എന്ന റോളില്‍ നടന്നതുകൊണ്ട് വെളിച്ചപ്പാടുമാരുടെ കുറ്റി അറ്റു എന്നൊരു നിഗമനത്തിലെത്തിച്ചേറ്ന്നു.

അങ്ങിനെയിരിക്കെ ഒരു ദിവസം, ഞാന്‍ ചേച്ചിയുടെ വീടിന്റവിടെ വച്ച്, അവിടത്തെ അമ്പലത്തിലെ ചിലമ്പും അരമണിയും ആദ്യമായി കയ്യില്‍ പിടിക്കാനും കിലുക്കാനും, അത് കൊണ്ടുവക്കാന്‍ ഒരു ഫ്രന്റിന്റെ കൂടെ പോവുമ്പോള്‍ ചാന്‍സ് കിട്ടി.

അതിന്റെ ആ ഒരു ശബ്ദം, കിലുക്കം ഒക്കെ കേട്ടപ്പോള്‍... സത്യം പറയട്ടേ.. ഞാന്‍ പെട്ടെന്ന് വല്ലാതായി. എനിക്കെന്തൊക്കെയോ തോന്നണ പോലെ... നമുക്ക് നല്ല ഡപ്പാങ്കുത്ത് പാട്ട് കേള്‍ക്കുമ്പോള്‍ കയ്യടിക്കാനും ‘ങ്‌ക്ക് ങ്‌ക്ക്.. ങ്‌ക്ക്.. ങ്‌ക്ക്...’ എന്നൊക്കെ മൂളാന്‍‍ തൊന്നില്ലേ? അതേ പോലെ ഒരു ഇത്!

മനുഷ്യന്റെ മനസ്സമാധാനം പോയീന്ന് പറഞ്ഞാ മതീലോ!! പാമ്പുകടിക്കാനായിട്ട് നമ്മളെങ്ങാനുമാവുമോ ഇനി അടുത്ത വെളിച്ചപ്പാട് എന്നോര്‍ത്ത്, ഞാനും കുറെ റ്റെന്‍ഷനടിച്ചു.

ഹവ്വെവര്‍, ഞാനിതാരോടും പറഞ്ഞില്ല. അരമണിയുടെം ചിലമ്പിന്റെം ഏഴയലക്കത്തും പോയുമില്ല. വെറുതെ എന്തിനാ ഒരു റിസ്കെടുക്കണേ..?

:) താങ്ക്സ്!

ദിവാസ്വപ്നം said...

:-)
“ഹോസ്റ്റലില്‍ ആയിരുന്ന സമയത്ത് ബുദ്ധിപൂര്‍വ്വം കൊന്ത ചൊല്ലലും മറ്റും ഞാന്‍ കാലത്തേക്ക് മാറ്റി“
:-)

എനിക്കും ഇതുപോലെ പേടി ഉണ്ടായിരുന്നു. പിന്നെ, അപ്പന്റെ പ്രതീക്ഷയും അതായിരുന്നു.

[പഴയ കാലത്ത് ‘ദൈവവിളി‘ വന്നവരില്‍ പലരും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് വരുന്നവരായിരുന്നു താനും. ഇന്ന്, വളരെ ഉയര്‍ന്ന നിലയിലുള്ള കുടുംബങ്ങളില്‍ നിന്നുവരെ ആളുകള്‍ വൈദിക/സന്യാസ വൃത്തി സ്വീകരിക്കുന്നു]

Siji vyloppilly said...

ഒരു ദൈവവിളിക്കെങ്കിലും ഇഞ്ചീനെ പേടിപ്പിക്കാന്‍ കഴിഞ്ഞല്ലോ കര്‍ത്താവേ..

അപര്‍ണ്ണ said...

ഇഷ്ടായി. ഞാന്‍ എത്രയോ വര്‍ഷം ഈ അമ്മമാരുടെ ഹോസ്റ്റലില്‍ താമസിച്ചും അല്ലാതെയും പഠിച്ചിരിക്കുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ നിത്യ രോഗിയായിരുന്ന എന്നെ ചേര്‍ത്ത്‌ പിടിച്ച്‌ വിട്ടുപോയ ക്ലാസ്‌ പഠിപ്പിക്കുന്ന ഒരമ്മ, കോളേജില്‍ തല്ലുകൊള്ളിത്തരങ്ങള്‍ക്ക്‌ ശാസിച്ച്‌ കൊണ്ട്‌ കൂട്ടുനില്‍ക്കുന്ന ഒരമ്മ. അനുഭവിച്ച്‌ തന്നെ അറിയണം ആ സ്നേഹത്തിന്റെ മഹത്വം.