ഡിസ്‌ക്ലെയിമർ:
ഈ പോസ്റ്റ് പൊന്നമ്പലം എന്ന ബ്ലോഗറേയോ ചിത്രകാരൻ എന്ന ബ്ലോഗറേയോ അവർ തമ്മിലുള്ള നിയമ നടപടിയെ ന്യായീകരിക്കുവനാനോ പ്രതിഷേധിക്കുവാനോ ഉദ്ദേശിച്ചുള്ളതല്ല. കേരൾസ് പ്രശ്നത്തിനു ശേഷം വായിച്ചും ചോദിച്ചും അറിഞ്ഞ അറിവുകൾ വെച്ച് ഇങ്ങിനെയൊരു പോസ്റ്റിടണമെന്ന് കരുതിയിരുന്നെങ്കിലും അത് ഡ്രാഫ്റ്റിൽ തന്നെ പബ്ലിഷാവാതെ ഇരിക്കുകയായിരുന്നു. പൊന്നമ്പലത്തിന്റെ ബ്ലോഗിലെ താഴെ കൊടുത്തിരിക്കുന്ന കമന്റാണ് ഈ പോസ്റ്റ് എഴുതാനും പബ്ലിഷ് ചെയ്യാനും പ്രചോദനമേകിയത്.
Santhosh | ?????????? said...
ശരിക്ക് പറഞ്ഞാൽ, ഞാൻ ആ ബ്ലോഗ് കാട്ടിക്കൊടുത്തപ്പോൾ, പോലീസ് ഡിപ്പാർട്ട്മെന്റ് നിന്നു തന്നെ കേസ് എടുക്കാൻ തയ്യാറായി. ഞാൻ എന്നാൽ കഴിയുന്ന രീതിയിൽകേസിനോട് സഹകരിക്കുകയും ചെയ്യും. എന്തെങ്കിലും ശക്തമായ കാരണം ഇല്ലാതെ പൊലീസ് ഇതിൽ ഒരു കേസിന്റെ സാധുത കാണില്ലല്ലൊ.
താഴെ എഴുതിയിരിക്കുന്ന നിയമങ്ങളെല്ലാം എന്റെ അറിവില്‍ ഇന്ത്യൻ സൈബർ നിയമപ്രകാരം ബാധകമാണ്.
1. ബ്ലോഗെന്ന് പറയുന്നത് ഒരു മാധ്യമത്തിനപ്പുറം ഒന്നുമല്ല. അതാത് രാജ്യങ്ങളിലെ നിയമങ്ങൾ ബ്ലോഗെഴുതുന്നയാൾക്ക് ബാധകമാണ്. ഇന്ത്യയിൽ ഇരുന്ന് അമേരിക്കയിൽ ഹോസ്റ്റ് ചെയ്യുന്ന സെർവറിൽ എഴുതിയാലും ഇന്ത്യയിലെ നിയമങ്ങൾ നിങ്ങൾ എവിടെയിരുന്നു എന്തു ഗ്രൂപ്പിനെ ഉദ്ദേശിച്ച് എഴുതിയെന്നത് ബാധകമാണ്. അതു കൂടാതെ മറ്റൊരു രാജ്യത്തിനെതിരെ എഴുതിയാലും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ പ്രകാരം നിയമസാധുതയുണ്ട്. അനോണിമിറ്റി എന്നു പറയുന്നത് മിഥ്യാധാരണയാണ്. ഇന്റെര്‍നെറ്റില്‍ ഒരാളും അനോണിമസ് അല്ല. എന്നാല്‍ എഴുതുന്ന ആളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താതത് ഒരാളുടെ പ്രൈവസി സൂക്ഷിക്കുവാന്‍ വേണ്ടി മാത്രമാണ്.
ചുരുക്കം പറഞ്ഞാൽ ബ്ലോഗിൽ പാലിക്കേണ്ട നിയമങ്ങൾ സമൂഹത്തിൽ പാലിക്കേണ്ട നിയമങ്ങളിൽ നിന്നു ഒട്ടും വ്യത്യസ്തമല്ല. പ്രസാധകനോ എഡിറ്ററോ ഇല്ലാതെ സ്വയം പബ്ലിഷ് ചെയ്യാമെന്നതും അത് ലോകത്തിലെവിടെയിരുന്നും വായിക്കാമെന്നതിൽ കവിഞ്ഞു ബ്ലോഗിനു പറയത്തക്ക മറ്റു സ്വാതന്ത്ര്യങ്ങളൊന്നുമില്ല.
2. നിങ്ങളുടെ ബ്ലോഗിൽ വരുന്ന കമന്റുകൾക്ക് നിങ്ങൾ ബാദ്ധ്യസ്ഥരാണ്. അതായത് മറ്റൊരാൾക്കെതിരെ ഹേറ്റ് സ്പീച്ചോ അബ്യൂസോ തെറി വിളിയോ നിങ്ങളുടെ പോസ്റ്റിന്റെ കമന്റിൽ നിങ്ങൾ അറിയുന്നയാളോ അറിയാത്തയാളോ രേഖപ്പെടുത്തിയാലും നിങ്ങൾ അതിനു ബാദ്ധ്യസ്ഥനാണ്. അപ്രകാരം നിങ്ങൾ ആ കമന്റ് കണ്ട ഉടനേ നീക്കം ചെയ്യേണ്ടതായുണ്ട്. നിങ്ങളതു കണ്ടില്ലെന്ന് ശഠിച്ചാലും മറ്റൊരാൾ അത് ചൂണ്ടിക്കാട്ടുകയോ ഒരു നിശ്ചിത സമയത്തിനുള്ളിൽ അത് നീക്കം ചെയ്യാതിരിക്കുകയോ ചെയ്യുന്ന പക്ഷം നിങ്ങളും നിയമത്തിന്റെ നൂലാമാലകളിൽ പെടുന്നു. ഈ നിയമം അറിഞ്ഞതിനു ശേഷമാണ് എന്റെ ബ്ലോഗിന്റെ കമന്റ് ബോക്സിൽ ഇങ്ങിനെയൊരു ഡിസ്‌ക്ലെയിമർ എഴുതിപ്പിടിപ്പിച്ചത്,
I am not responsible for any comments on this blog other than the comments I put. Please do not indulge in hate speech. Anonymous option is open for freedom of speech, use it wisely.
ഇതിന്റെയർത്ഥം പിന്നീട് ആരു എന്തെഴുതിയാലും ഞാൻ ബാദ്ധ്യസ്ഥ അല്ലായെന്നല്ല, മറിച്ച് ഞാൻ ഹേറ്റ് സ്പീച്ച് പ്രോത്സാഹിപ്പിക്കുന്നില്ല എന്നു മാത്രമാണ്. ഇതെഴുതിയതിനു ശേഷവും ഒരാൾക്കെതിരേയോ ഒരു സമൂഹത്തിനെതിരേയോയുള്ള കമന്റുകൾ ഞാൻ നീക്കം ചെയ്തില്ലെങ്കിൽ എനിക്കെതിരെ നിയമസാധുതയുണ്ട്.
3. ഇഞ്ചിപ്പെണ്ണ് എന്ന അപരനാമത്തിൽ എഴുതിയതുകൊണ്ട് എനിക്കെതിരെ കേസ് എടുക്കാനോ എനിക്ക് ഒരാൾക്കെതിരെ കേസ് കൊടുക്കാതിരിക്കാനോ നിയമ തടസ്സമില്ല. ഇഞ്ചിപ്പെണ്ണ് എന്ന അപരനാമത്തിൽ എഴുതുന്നത് ഞാൻ തന്നെയെന്നു രണ്ട് ഫോട്ടോ ഐഡിന്റിഫിക്കേഷൻ ഡോക്യുമെന്റ്സിന്റെ അഫിഡാവിറ്റ് മതിയാവും. എനിക്കെതിരെയുള്ള നിയമനടപടിക്കും ഇതു തന്നെ മതിയാവും.
അതു കൂടാതെ ഇഞ്ചിപ്പെണ്ണ് എന്നൊരാളെ തെറിവിളിക്കുവാൻ ലഞ്ചിപ്പെണ്ണ്, രഞ്ചിപ്പെണ്ണ് എന്നീ നാമങ്ങൾ ഉപയോഗിക്കുന്നതുമെല്ലാം കുറ്റകരമാവാം. ഒരു വ്യക്തിയുടെ പേരിനെതിരെയല്ല, ഒരു വ്യക്തിക്കെതിരെയുള്ള 'intent to harm a person' എന്നതാണ് നിയമസാധുതയിൽ പെടുന്നത്. അതു കൂടാതെ ഒരാൾക്കെതിരെ ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങൾ എഴുതിപ്പിടിപ്പിച്ചാലും നിയമത്തിന്റെ പരിധിയിൽ വരുത്താം. നിങ്ങള്‍ പരാതിപ്പെടുമ്പോള്‍ 'intent to harm a person' എന്നത് പോലീസിനു തോന്നിയെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് നിയമപരമായി നീങ്ങാം.
4. നിയമലംഘനം നടത്തിയാൽ നിങ്ങൾക്കെതിരെ മാത്രമല്ല നിങ്ങൾ നിയമലംഘനത്തിനു വേണ്ടി ഉപയോഗിച്ച കമ്പ്യൂട്ടർ, നിങ്ങളുടെ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റേതാണെങ്കിലോ ഏതെങ്കിലും കഫേയിലിരുന്നാണെങ്കിലോ അവർക്കെതിരേയും നിയമനടപടിക്ക് വകുപ്പുണ്ട്. ഇത് നിങ്ങളുടെ സ്ഥാപനത്തിനെതിരെയുള്ള കേസ് കോടതിയിൽ എത്തിയില്ലെങ്കിൽ പോലും നിങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് കേസ് കൊടുക്കുന്നവര്‍ മാക്സിമം ലൂപ്പ് ഹോൾസ് അടക്കാൻ വേണ്ടി ഇതും ഫയൽ ചെയ്യുന്നത് എന്ന് അറിയുന്നു.
5. കമന്റ് അല്ലെങ്കിൽ ബ്ലോഗ് അഗ്രിഗേറ്ററുകളിൽ തുടർച്ചയായി ഹേറ്റ് സ്പീച്ചുകൾ വന്നാൽ അത് അതാത് ബ്ലോഗ് /കമന്റ് അഗ്രിഗേറ്റർ അഡ്മിനുകൾക്കെതിരേയും കേസിനു വകുപ്പുണ്ട്. പോയിന്റ് രണ്ടിൽ പറഞ്ഞപ്രകാരം ഒരു ഡിസ്‌ക്ലെയിമർ എഴുതിവെച്ചാൽ മാത്രം കേസിന്റെ പരിധിയിൽ വരാതെയിരിക്കില്ല. ആരെങ്കിലും പ്രസ്തുത ഹേറ്റ് സ്പീച്ചുകൾ അതാത് അഡ്മിനുകളെ നോട്ടിഫൈ ചെയ്ത ശേഷവും അത് തുടരുന്നെങ്കിൽ തീർച്ചയായും പ്രോത്സാഹിപ്പിച്ചു എന്ന പേരിൽ കേസിന്റെ പരിധിയിൽ വരുത്താം. ഗൂഗിൾ പോലെയുള്ള കമ്പനികളിൽ ടേംസ് ഓഫ് സെർവീസുകളും മറ്റും അതാത് കമ്പനികളെ സംരക്ഷിക്കുവാൻ മാത്രമാണ്. അവരുടെ സേവനം ഉപയോഗിക്കുന്നതുകൊണ്ട് അതേ നിയമ സംരക്ഷണം ഒന്നോ രണ്ടോ പേർ ചേർന്നു നടത്തുന്ന ഒരു ബ്ലോഗ് അഗ്രിഗേറ്ററിനോ അല്ലെങ്കിൽ കമന്റ് അഗ്രിഗേറ്ററിനോ കിട്ടില്ല എന്ന് അറിയുന്നു. (കേസൊന്നും വന്നില്ലെങ്കിലും മനുഷ്യനുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇപ്രകാരം ആ അഗ്രിഗേറ്ററുകളുടെ നടത്തിപ്പുകാരല്ലാത്ത പങ്കാളികള്‍ക്കും ഇതേ നിയമം ബാധകമാണോ എന്നറിവില്ല.)
6. ഇന്ത്യന്‍ സുപ്രീം കോടതി വിധി അനുസരിച്ച് സ്ത്രീകൾക്കെതിരെയുള്ള പരാമർശങ്ങളുടെ അശ്ലീലത സ്ത്രീകൾക്ക് തന്നെ തീരുമാനിക്കാം എന്നാണ്. അതുകൊണ്ട് ഒരു സ്ത്രീയെ വേശ്യ എന്ന് വിളിക്കുന്നത് അവർക്ക് കുഴപ്പമില്ലെങ്കിലും മറ്റൊരു സ്ത്രീയെ വേശ്യ എന്ന് വിളിക്കുന്നത് കുറ്റകരമായിത്തീരാം. അബ്യൂസ് ചെയ്യുന്നു എന്ന് ഒരു സ്ത്രീ പറഞ്ഞതിനു ശേഷവും അത് തുടർന്നാൽ അത് തീർച്ചയായും കൂടുതൽ കുറ്റകരമായിത്തീരും.
എന്റെ വ്യക്തിപരമായ നിരീക്ഷണത്തിൽ 'സരസ്വതിക്ക് എത്ര മുലയുണ്ടെന്നത്' ഒരു അശ്ലീല പോസ്റ്റായി വ്യാഖ്യാനിക്കാൻ ഇടയില്ല. ഇത് ഒരു കഥയായി എഴുതിയാലും ഒരു ലേഖനമായി എഴുതിയാലും പ്രശ്നമില്ല എന്ന് തോന്നുന്നു. മഗ്ദലനമറിയവും യേശുക്രിസ്തുവും തമ്മിലുള്ള അവിഹിത ബന്ധത്തിലുള്ള കഥകൾ പ്രചാരത്തിലുണ്ടല്ലോ? ഇവ തിയറിയായും വേണമെങ്കില്‍ പ്രചരിപ്പിക്കാം.
പക്ഷെ ഇന്ത്യയിൽ ഇതൊരു സമുദായത്തെ/വിശ്വാസത്തെ (പ്രത്യേകിച്ച് മൈനോരിറ്റി) താറടിച്ചു കാണിക്കുന്നു എന്ന് ആരോപിക്കപ്പെടാം എന്നു കരുതുന്നു. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു വിലങ്ങു തടിയാണെന്ന് വ്യക്തിപരമായി തന്നെ വിശ്വസിക്കുന്നു. നിയമങ്ങൾ മാറ്റിയെഴുതപ്പെടേണ്ടിയിരിക്കുന്നു. ഇന്ത്യയിൽ സാമുദായിക സംഘർഷങ്ങൾ നിലവിലുള്ളത് ചൂണ്ടിക്കാട്ടി പ്രസ്തുത പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിനെതിരെ വെണമെങ്കില്‍ കോടതി വിധി നേടിയെടുക്കാം, പക്ഷെ എഴുത്തുകാരനെതിരെ എന്തെങ്കിലും വിധി നേടിയെടുക്കാൻ സാധിക്കുമോ എന്ന് അറിവില്ല.
അതേ സമയം ഉദാഹരണത്തിനു നായർ/ദളിത് സ്ത്രീകൾ വേശ്യകളാണേന്നോ അല്ലെങ്കിൽ തമിഴന്മാർ മോശമാണെന്നോ മറ്റോ തുടര്‍ച്ചയായി എഴുതിയാൽ തീർച്ചയായും ഒരാൾക്ക് 'instigating hate against a community', 'instigating hate against a race', 'instigating hate against a woman' എന്നീ ആരോപണങ്ങൾ ഉന്നയിക്കുകയും പോലീസിൽ പരാതിപ്പെടുകയും അവർക്ക് സ്വമധേയാ തന്നെ എഴുത്തുകാരനെതിരെ തന്നെ കേസെടുക്കുവാനും സാധിച്ചേക്കും. (പൊന്നമ്പലം ഇങ്ങിനെയാണ് കേസിൽ ആരോപിച്ചിരിക്കുന്നെതെന്ന് അദ്ദേഹത്തിന്റെ പോസ്റ്റിൽ നിന്നു വ്യക്തമാവുന്നു).
ഇതിന്റെയെല്ലാമര്‍ത്ഥം ബ്ലോഗ് എഴുതുന്നത് കൂടുതല്‍ ഗൌരവതരമാവുന്നു അല്ലെങ്കില്‍ വെര്‍ച്ചുവല്‍ ലോകവും സമൂഹവും തമ്മിലുള്ള അന്തരം കുറയുന്നു എന്നു തന്നെയാണ്. അത് ഒരു വശത്ത് നല്ലതാണെങ്കിലും തീര്‍ച്ചയായും വെര്‍ച്ചുവല്‍ ലോകത്ത് അനുഭവിക്കുന്ന ഒരു പ്രത്യേക ‘സ്വാതന്ത്ര്യത്തിനു’ വിലങ്ങ് തടിയാവുന്നു എന്നു വേണം മനസ്സിലാക്കുവാന്‍. എഴുതാന്‍ ധൈര്യമുള്ളവര്‍ എന്തും എഴുതുക, പക്ഷെ ഭവിഷ്യത്തുകളും അറിഞ്ഞിരിക്കുന്നത് പെട്ടെന്നൊരു സര്‍പ്രൈസില്‍ നിന്ന് നിങ്ങള്‍ക്ക് കരുതല്‍ തരും എന്നതുകൊണ്ടാണ് ഇതെല്ലാം എഴുതിയത്.
സൈഡ് നോട്ട് :
ഗൂഗിൾ ഫ്ലാഗിങ്ങ് - ഒരുപാട് സംശയങ്ങൾക്ക് ഇടവരുത്തിയിരിക്കുന്ന ഒന്നാണ് ഗൂഗിൾ ഫ്ലാഗിങ്ങ്. എന്റെ അറിവിൽ ഒരു ഹേറ്റ് സ്പീച്ചോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത പോസ്റ്റോ ഉണ്ടെങ്കിൽ ഗൂഗിളിൽ പരാതിപ്പെടുകയോ ഫ്ലാഗോ ചെയ്യാം. പക്ഷെ ഒരു പോലീസ് കേസ് രെജിസ്റ്റർ ചെയ്യാതെ ഗൂഗിൾ പ്രസ്തുത പോസ്റ്റ് മാറ്റുകയില്ല. ഫ്ലാഗ് ചെയ്യപ്പെട്ടാൽ ആ ബ്ലോഗ് തുറക്കുമ്പോൾ ഒരു വാർണിങ്ങ് (പതിനെട്ട് വയസ്സിനു മുകളിൽ മാത്രം) പ്രത്യക്ഷപ്പെടും എന്നു മാത്രം.
ഒരു ബ്ലോഗർ ഇങ്ങിനെയൊരു പോസ്റ്റിൽ അങ്ങിനെയൊരു ആരോപണം ഉന്നയിക്കുകയും അതിൽ വന്ന കമന്റുകളിൽ 95% എന്നും അല്ലെങ്കിൽ പുതിയ ബ്ലോഗ് ഫ്ലാഗ് ചെയ്യപ്പെടാമെന്നും മറ്റും എഴുതിയിരുന്നതുകൊണ്ട് ഞാൻ തന്നെ അതൊന്നു പരീക്ഷിക്കുവാൻ ശ്രമിച്ചിരുന്നു. ആ ബ്ലോഗ് വന്നതിനു ദിവസങ്ങൾക്കുള്ളിൽ ഇങ്ങിനെയൊരു ബ്ലോഗിൽ ഞാൻ ഒരു പോസ്റ്റിടുകയും അത് അറിയാവുന്നവർക്കെല്ലാം ഫ്ലാഗ് ചെയ്യാൻ കൊടുക്കുകയും ഗൂഗിളിനോട് ഞാൻ തന്നെ പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒന്നും ഇതുവരേയും സംഭവിച്ചില്ല. ഗൂഗിൾ അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രൈവസിക്കും വളരെയധികം വില കല്പിക്കുന്നുവെന്നോ അല്ലെങ്കില്‍ അവര്‍ക്കെതിരെയുള്ള നീക്കങ്ങളില്‍ നിന്നു സ്വയം സമര്‍ത്ഥമായി സംരക്ഷിക്കുന്നുവെന്നോ വേണം കരുതാൻ.
44 പ്രതികരണങ്ങള്‍:
ഒരുപാട് തെറ്റിദ്ധാരണകൾ നീക്കാൻ സഹായകരമായൊരു ലേഖനം; നന്ദി!
കുറച്ചു സംശയങ്ങള്‍ മനസില്‍ കിടന്നത് മാറ്റാന്‍ സഹായിച്ചതിന് നന്ദി അറിയിച്ചു കൊള്ളട്ടെ.
എല്ലാ ബ്ലോഗെഴ്സും ഒരല്പം മച്യൂറിറ്റി കാണിക്കുക വഴി തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂ ബൂലോകത്ത്. സ്വതന്ത്യമാധ്യമങ്ങളെ ഉപയോഗിക്കാന്‍ ഉള്ള പക്വത നമുക്കായിട്ടില്ല. അവയില്‍ എഴുതുന്നത് വായിക്കാന്‍ ഒട്ടും.
അനുഭവത്തിന്‍റെ വെളിച്ചത്തില്‍ എഴുതിയതു കോണ്ടാകണം പറഞ്ഞതെല്ലാം വളരെ പ്രസക്തങ്ങളായി തോന്നുന്നു.. :)
തീര്‍ച്ചയായും ഇത് അവസരോചിതം തന്നെ.
അഹംഭാവവും പൊങ്ങച്ചവും മാറ്റിവെച്ച് നിയമ വിധേയമായി പോസ്റ്റാന്‍ എല്ലാവരും ഇനിയെങ്കിലും ശ്രദ്ധിക്കുക... മറ്റുള്ളവരെ കൊച്ചാക്കാന്‍ ശ്രമിക്കാതെ വിമര്‍ശിക്കുക. സ്വയം ബുദ്ധിജീവി ചമയാതെ ഉപദേശിക്കുക... നമ്മുടെ ബൂലോകം നന്നാവുക തന്നെ ചെയ്യും. ഇഞ്ചി പെണ്ണിന് ഒരായിരം നന്ദി....
ബ്ലോഗില്‍ നിയമം എന്നു മിണ്ടിപ്പോകരുത്! കൂവി തോല്പിച്ചുകളേം. (സറ്റയര്‍ എഴുതി തൊലിയുരിച്ചുകളയും എന്നും വായിക്കാം)
Thank you very much for the information.
എന്റമ്മോ, ഞാനില്ലേ....
ഇഞ്ചീ,
ഇതൊക്കെത്തന്നെയാണ് ഞാന്‍ മറ്റ് ബ്ലോഗര്‍മാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ശ്രമിച്ചത്. ചിത്രകാരന്റെ പോസ്റ്റ് പോലീസുകാര്‍ വായിക്കുന്നു എന്ന് കാട്ടിക്കൊടുത്തിട്ടുപോലും പലരും എനിക്കെതിരെ കുതിര കയറുവാനും സംഘം ചേരുവാനും കര്‍ഷകനായ എന്നോട് പോയി കൃഷി ചെയ്യൂ എന്ന നിര്‍ദ്ദേശം മാത്രമല്ല ഇന്‍സല്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. അവയെല്ലാം ഇപ്പോഴും പ്രദീപ് കുമാറിന്റെ പോസ്റ്റില്‍ ലഭ്യവും ആണ്. (വേണമെങ്കില്‍ ഇതും പരിഗണിക്കാം).എങ്കിലും ഇഞ്ചിയുടെ അവസരോചിതമായ പോസ്റ്റ് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി.
Your facts are based mostly on conjecture and anecdotal evidences. Not real laws. US federal or State laws. Neither does it have any relevance to Indian Law.
Laws are not merely the written word in a dusty old book. The ability to interpret those law and apply them to a specific case is what distinguishes lawyers from the common person, which includes you.
You have neither quoted any articles of law or sections of any legal documents to establish these findings.
I won't be surprised if the so called "100% literate" readers believe any of this.
But I have to agree on one point Anonymity has always been upheld in the United States. I do not know if the same applies in your native country. Most of those are remnants of British colonial (read as Feudal) laws that have no function in a modern Democratic society.
As it is very evident from some of the comments of praise and accolades, the natives have no understanding of western jurisprudence and have very well accepted your post as the truth.
കേരളബാർബർ
ഇവിടെ ഇഞ്ചിയും മണപ്പിച്ചു നിക്കാതെ പോയി റബ്ബറിനു വെള്ളമടിക്കെടോ.
അനോണിക്ക് ഇഞ്ചിയുടെ പോസ്റ്റ് മനസിലായില്ല അല്ലെ? എന്നെ എത്രതന്നെ പ്രകോപിതനാകക്കിയാലും ഞാന്‍ സംയമനം പാലിക്കും. പ്രതികരിക്കേണ്ട ഭാഷയില്‍ മാത്രമേ പ്രതികരിക്കൂ.
അനോണി എനിക്ക് തന്നതിന്റെ ഒരംശമെങ്കിലും ചിത്രകാരന് കൊടുത്തെങ്കില്‍ അയാള്‍ എന്നേ നന്നായിപ്പോയേനെ. അയാളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവരം കുറ്റക്കാര്‍ തന്നെ.
നല്ല പോസ്റ്റ്,
ഈ പോസ്റ്റിൽ ദയവായി ബാർബർ (അല്ല സോറി .. ഫർമർ എന്നാക്കി വായിക്കുക) വായടക്കുക. നിങ്ങൾ ഉള്ളിടത്ത് തെറികൾ വരുന്നു.
ബ്ലൊഗിന്റെ അന്തസ്സ് നിലനിറുത്തുന്നതിന് ദയവായി മാറി നില്ക്കണമെന്നപെക്ഷ. പ്ലീസ് ഒന്നു പോകൂ.
"ഈ പോസ്റ്റില്‍ ദയവായി ബാര്‍ബര്‍ (അല്ല സോറി .. ഫര്‍മര്‍ എന്നാക്കി വായിക്കുക) വായടക്കുക. നിങ്ങള്‍ ഉള്ളിടത്ത് തെറികള്‍ വരുന്നു.
ബ്ലൊഗിന്റെ അന്തസ്സ് നിലനിറുത്തുന്നതിന് ദയവായി മാറി നില്ക്കണമെന്നപെക്ഷ. പ്ലീസ് ഒന്നു പോകൂ."
അത് ശരിയല്ലല്ലോ അനോണി. ഇഞ്ചിയുടെ പോസ്റ്റ്. അവര്‍ പറഞ്ഞാല്‍ മാത്രം മാറിനില്‍ക്കാം. മറ്റാരുപറഞ്ഞാലും മാറില്ല. ബാര്‍ബര്‍ (വെളക്കിത്തല നായര്‍) എന്നതും നായരുടെ കൂട്ടത്തിലുള്ളതാണ്.
hi, good post
എനിക്ക് തോന്നുന്ന പേരിൽ (നിയമ പരിധിയിൽ വരുന്ന) ഞാൻ തുടങ്ങും.
കേസ് കോട്...
:)
:)
ഇപ്പോള്‍ നടന്നു വരുന്ന സംവാദത്തിനു കൂടുതല്‍ ദിശാബോധമുണ്ടാക്കുവാന്‍ ഈ പോസ്റ്റ് ഉപകരിക്കും.നന്ദി.
ബ്ലോഗ് സംബധിച്ച് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ് വിധികളുണ്ടോ?തെരഞ്ഞിട്ടു കിട്ടുന്നില്ല.
Dear Blog Junkie
If you write hate speech or someone else writes even a hate comment, you can be charged under section 292 of Indian Penal Code and section 67 of the Information Technology Act. (Whether someone takes interest in filing a case or not is a different matter altogether.)
There has already been a similar case in India.
Yes, I didnt quote any case or didnt give the famous usual "links"
for a reason.
ലഞ്ഞ്ജിപ്പെണ്ണേ.
ഹഹ, അടി അടി! :)
ഒന്ന് പോ ബാര്‍ബറേ സ്വാറി ഫാര്‍മറേ ഒരു മാതിരി പിള്ളേര് കണക്ക് വാശി പിടിച്ചോണ്ട് ..പ്ലീസ് ഗോ
ഇഞ്ചി,
നന്ദി,വിവരങ്ങള്‍ക്ക്.
മാരീചനിട്ട ലിങ്കിലൂടെയാണ് ഇവിടെയെത്തിയത്.
ഇഞ്ചീ, വിവരങ്ങള്‍ക്കു നന്ദി..
ബ്ലോഗ് ഒരു കാടാണെന്ന് എന്നും അറിയാമായിരുന്നു. എങ്ങനെയൊക്കെ അബ്യൂസ് ചെയ്യാം എന്നു നമ്മള്‍ കണ്ടുപിടിച്ചോണ്ട് ഇരിക്കുന്നേ ഉള്ളൂ.
ഇഞ്ചീ,
പോസ്റ്റിന്റെ സദുദ്ദേശ്യത്തെ മാനിക്കുന്നു. ഈ വിവരങ്ങള്‍ പങ്കിട്ടതിന് നന്ദിയും.
എന്നാല്‍ ചില സംശയങ്ങളുണ്ട്.
ഈപ്പറയുന്ന ഐ.ടി നിയമം 67-ആം വകുപ്പ് ഇങ്ങനെയാണ്:
Whoever publishes or transmits or causes to be published in the electronic form, any material which is lascivious or appeal to the prurient interest or if its effect is such as to tend to deprave and corrupt persons who are likely, having regard to all relevant circumstances, to read, see or hear the matter contained or embodied in it, shall be punished on first conviction with imprisonment...
ഇത് ഇഞ്ചി ചൂണ്ടിക്കാട്ടിയ ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 292-ന്റെ ഒരു മോഡിഫൈഡ് രൂപമാണ്.മേല്‍ കൊടുത്ത ഖണ്ഡികയില്‍ Obscene എന്നൊരു വാക്കു കൂടി ചേര്‍ത്താല്‍ IPC-292 ആകും.
അടിസ്ഥാനപരമായി ഈ രണ്ട് നിയമവും പുസ്തകങ്ങള്‍ വഴിയോ ഇന്റര്‍നെറ്റ് വഴിയോ ലൈംഗികാശ്ലീലം പ്രചരിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സെക്ഷനുകളാണ് എന്ന് കാണാം.
കൂട്ടുപ്രതിയാക്കാന്‍ സാധ്യതയുള്ളവരെ കുറിച്ച് ഐ.ടി ആക്റ്റ് 67-ആം വകുപ്പിലില്ലെങ്കിലും പീനല്‍ കോഡ് 292-ല്‍ പറയുന്നുണ്ട് : ഇത്തരം പുസ്തകങ്ങളൊ മെറ്റീരിയലോ നിര്‍മ്മിക്കല്‍,വില്‍ക്കല്‍, വാങ്ങല്‍, വാടകയ്ക്ക് നല്‍കല്‍, ബിസ്നസ് ചെയ്ത് ലാഭമുണ്ടാക്കല്‍,അതിനായി പരസ്യം ചെയ്യല് എന്നീ കാര്യങ്ങളിലേര്‍പ്പെടുന്നവരെയാണ് ആ സെക്ഷനില്‍ കുറ്റക്കാരായി കാണുന്നത്.
ഇഞ്ചിയോട് എന്റെ ചോദ്യങ്ങളിതാണ്:
1.ഇത് എങ്ങനെയാണ് ബ്ലോഗിലെ ഹേറ്റ് സ്പീച്ചുമായി ബന്ധപ്പെടുത്താവുന്നത് ?
2.ഹേറ്റ് കമന്റുകള്‍ എന്നു വിളിക്കപ്പെടുന്നവ അനുവദിച്ചുകൊടുത്താല്‍ ബ്ലോഗുടമ കൂട്ടുപ്രതിയാവുന്നതെങ്ങനെ ?
3.അഗ്രഗേറ്റര്‍ ഈ വകുപ്പില്‍ എങ്ങനെ പ്രതിസ്ഥാനത്തു വരുന്നു ?
4. കമന്റുകളിലൂടെ ഉണ്ടാവുന്ന “അശ്ലീല”ത്തിനു ബ്ലോഗുടമയോ അഗ്രഗേറ്റര്‍ അഡ്മിനുകളോ പോലും ഉത്തരവാദികളാവുമെങ്കില്‍ ബ്ലോഗ്ഗര്‍ ഉടമയായ ഗൂഗിളടക്കം മുകളിലേക്ക് ഉത്തരവാദികളുടെ ഒരു ഇന്‍ഫിനിറ്റ് റിഗ്രെഷന്‍ ഉണ്ടാവേണ്ടതല്ലേ?
5.ഇഞ്ചി ഈ പോസ്റ്റില്‍ പറയുന്ന രീതിക്കുള്ള ഒരു നിയമ വ്യാഖ്യാനം ഏതെങ്കിലും കേസില്‍ ഇന്ത്യന്‍ കോടതികളില്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ ?
6.ഉണ്ടെങ്കില്‍ റെഫറന്‍സ് നല്‍കാമോ ?
സൂരജ്
താങ്കളുടെ കമന്റിന്റെ സദുദ്ദേശ്യത്തേയും മാനിക്കുന്നു.
സോണിയാഗാന്ധിക്കെതിരെ ഓര്‍ക്കുട്ടില്‍ ഹേറ്റ് സ്പീച്ച് നടത്തിയതിനു കേസ് രെജിസ്റ്റര്‍ ചെയ്ത വകുപ്പുകളവയാണ്. അപ്രകാരമാണ് ഞാനവ എഴുതിയത്.
എനിക്കും തീര്‍ത്തും പുതിയ അറിവായിരുന്നു ബ്ലോഗര്‍ ഈസ് റെസ്പോണ്‍സിബിള്‍ ഫോര്‍ കമന്റ്സ് എന്നതും. ബ്ലോഗ് ഒരു പത്രം പോലെ അല്ലെങ്കില്‍ മീഡിയ പോലെയാണ്. അതിനെ അവര്‍ ഇങ്ങിനെയാണ് വ്യാഖ്യാനിക്കുന്നത്. അതായത് ഒരു പത്രത്തില്‍ മറ്റൊരാളെ സ്ലാന്റര്‍ ചെയ്യുന്ന തരത്തില്‍ ഒരു വാര്‍ത്ത ഇടാന്‍ സാധിക്കില്ല, അതുപോലെ തന്നെ ഒരു വായനക്കാരന്റെ പ്രതികരണവും അങ്ങിനെയുള്ളത് ഇടാന്‍ സാധിക്കില്ല. അങ്ങിനെയിട്ടാല്‍ ആ എഴുത്ത് പത്രത്തിലോട്ട് എഴുതിയ ആളേക്കാളും അത് പ്രസിദ്ധീകരിച്ച പത്രത്തിനെതിരെയാണ് കൂടുതല്‍ വിസിബിളിറ്റിക്ക് കേസ് പോവുക.
ഇതില്‍ നിന്ന് ഗൂഗിളില്‍ ഓര്‍ക്കുട്ടും ഫേസ് ബുക്കും കൈ കഴുകുന്നത് അവരുടെ ടേം ഓഫ് കണ്ടീഷന്‍സ് നമ്മള്‍ ഐ എഗ്രീ എന്നൊരു ബട്ടണ്‍ വെച്ചും, നല്ല എ ക്ലാസ് ലോയേര്‍സും വെച്ച് മാത്രമാണ്. അതായത് മില്യണ്‍സ് ഓഫ് വരുന്ന അവരുടെ യൂസര്‍ ബേസ് നോക്കിയിരിക്കാന്‍ പറ്റില്ല എന്ന ന്യായം. അത് ഒരാള്‍ നടത്തുന്ന ബ്ലോഗിനോ അല്ലെങ്കില്‍ രണ്ട് മൂന്ന് ചേര്‍ന്നു പേര്‍ നടത്തുന്ന അഗ്രിഗേറ്ററിനോ ആ ന്യായവാദങ്ങള്‍ വിലപ്പോവില്ല.
ബ്ലോഗില്‍ കമന്റിടുന്നവരോട് ഏതു നേരവും ടേംസ് ഓഫ് കണ്ടീഷന്‍സ് വെച്ച് ഐ എഗ്രീ എന്ന് ക്ലോസ് ബട്ടണ്‍ ഞെക്കാന്‍ പറയാന്‍ എനിക്ക് സാധിക്കില്ലല്ലോ? അല്ലെങ്കില്‍ അഗ്രിഗേറ്റര്‍ നമ്മള്‍ യൂസ് ചെയ്യുന്നതും അങ്ങിനെയൊരു ലീഗല്‍ ക്ലോസിലൂടെയല്ല. അങ്ങിനെ ലീഗല്‍ പ്രൊട്ടക്ഷന്‍ വേണമെങ്കില്‍ തനിമലയാളവും ചിന്തയും മറുമൊഴിയും പിന്മൊഴിയും ഒക്കെ ലീഗല്‍ എന്റിറ്റികളാവുകയും അവര്‍ക്ക് ടേംസും ബൈലോയും കൊണ്ടു വരുകയും അവരുടെ സെര്‍വീസ് യൂസ് ചെയ്യുന്നതിനു മുന്‍പ് ഒരു ഐ അഗ്രീ ബട്ടണും വെക്കണം. സാധാരണ അങ്ങിനെയല്ലല്ല്ലോ? അതുകൊണ്ട് തന്നെ ഹേറ്റ് സ്പീച്ച് ചൂണ്ടിക്കാണിച്ചാല്‍ അത് മാറ്റാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്. അല്ലെങ്കില്‍ പ്രോത്സാഹനമായി കണക്കാക്കപ്പെടാം.
കോര്‍പ്പറേഷനുകളുടെ മസില്‍ പവര്‍ അല്ലല്ലോ സാധാരണക്കാരനു. അതുകൊണ്ട് തന്നെ മനോരമയെ താറടിച്ചാല്‍ വിവരമറിയും, ഇഞ്ചിപ്പെണ്ണിനെ താറടിച്ചാല്‍ ഞാന്‍ കൊറേ നേരമൊക്കെ മിണ്ടാണ്ടിര്‍ക്കും. പക്ഷെ അതിനര്‍ത്ഥം താറടിക്കുന്നത് നിയമപരമല്ല. അത് ചൂണ്ടിക്കാട്ടുന്നതിനായിരുന്നു പോസ്റ്റ്. വേണമെങ്കില്‍ നിയമത്തില്‍ വരാം എന്ന്.
അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കമന്റ് ചെയ്തയാള്‍ക്ക് എതിരെ നടന്ന കേസിന്റെ ഡീറ്റെയിത്സും മറ്റും പരാമര്‍ശിക്കുന്ന ഒരു ബ്ലോഗാണിത്.
Blogger Sued for Comments on Blog. The blog SEObook, a blog offering search engine optimization tips and news, has been sued for content in comments left on his blog.
ഇതുവരേയും ഇന്ത്യയില്‍ അങ്ങിനെ കേസുള്ളതായി അറിവില്ല, അതിനര്‍ത്ഥം ഉണ്ടാവാന്‍ സാധിക്കില്ല എന്നല്ല. അത് മനസ്സിലാക്കാന്‍ എളുപ്പം ബ്ലോഗ് ഒരു വെബ് സൈറ്റ് ആയെടുക്കുക. ഒരു വെബ് സൈറ്റില്‍ എന്തെല്ലാം പ്രസിദ്ധീകരിക്കുന്നു എന്നുള്ളത് വെബ് സൈറ്റ് ഓണറുടെ ലയബളിറ്റിയാണ്.
പ്രോംറ്റ് മറുപടി. നണ്ട്രി :)
ആ ലിങ്കിലെ ചില കേസുകള്‍ (ആറോണ്‍ വോള്‍ വേഴ്സസ് ട്രാഫിക് പവര്‍ ഡോട്ട് കോം) നേരത്തെ കണ്ടിട്ടുണ്ട്. ബ്ലോഗില്‍ വരുന്ന കമന്റുകളുടെയും ബ്ലോഗിലിടുന്ന ലിങ്കുകളുടെയും കണ്ടെന്റിന്റെ ലയബിളിറ്റി ബ്ലോഗുടമയ്ക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് അതില്‍ യു.എസ് കോടതി ബ്ലോഗുടമയ്ക്കനുകൂലമായാണ് വിധിച്ചത്. വിധിപ്പകര്‍പ്പ് ഇവിടെ
അമേരിക്കയിലെ കമ്മ്യൂണിക്കേഷന്‍ ഡീസന്‍സി ആക്റ്റ് 1996 അനുസരിച്ച് “No provider or user of an interactive computer service shall be treated as the publisher or speaker of any information provided by another information content provider..” എന്ന ഒരു സംരക്ഷണം ബ്ലോഗ്ഗര്‍മാര്‍ക്ക് ലഭ്യമാണ് എന്നാണ് ഇന്റര്‍നെറ്റ് ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൌണ്ടേഷന്‍ കാര് പറയുന്നത്. അതായത് പോസ്റ്റുകളില്‍ നല്‍കുന്ന ലിങ്കുകളിലോ കമന്റുകളിലോ ഉള്ള കണ്ടെന്റിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റിട്ടയാള്‍ക്കെതിരേ കേസെടുക്കാന്‍ വകുപ്പില്ല എന്ന്. ബ്ലോഗുടമ നേരിട്ട് സെര്‍ച്ചിലൂടെയോ മറ്റോ ശേഖരിച്ച വിവരം സ്വന്തം നിലയ്ക്ക് റീപബ്ലിഷ് ചെയ്താല്‍ മാത്രമേ അതിന്റെ ഉത്തരവാദിത്തം ബ്ലോഗര്‍ക്ക് മേല്‍ വീഴൂ എന്നാണ് അവര്‍ നിലവിലെ കോടതി വിധികള്‍ വച്ച് വ്യാഖ്യാനിക്കുന്നത്.
ഇന്ത്യയിലെ അവസ്ഥ സംബന്ധിച്ചാണെങ്കില്‍ കേസ് റെജിസ്റ്റര്‍ ചെയ്യാന്‍ ധാരാളം വകുപ്പുകള്‍ ഇഞ്ചി ചൂണ്ടിക്കാട്ടിയ പോയിന്റുകളില്‍ ഉണ്ട്. എന്നാല്‍ കേസ് നിലനില്‍ക്കുന്നതും കേസ് റെജിസ്റ്റര്‍ ചെയ്യപ്പെടുന്നതും രണ്ടും രണ്ടാണ് - രണ്ട് അഥോറിറ്റികളാണ് അവ നിര്‍വഹിക്കുന്നതും.
എന്തായാലും തെറിവിളിഅനോണികള്‍ സൂക്ഷിക്കുന്നത് നല്ലതു തന്നെ.ആത്യന്തികമായി കേസ് തള്ളിപ്പോയാലും കോടതി/സ്റ്റെഷന്‍ കയറിയിറങ്ങല്‍ തലവേദന തന്നേല്ലോ :))
വര്‍മ്മാലയങ്ങളൊക്കെ ഇനി പൂട്ടി പോവുവോ? ;)
എൻലൈറ്റെനിങ്ങ്!നന്ദി ഇഞ്ചി.
ഈക്ലോസൊക്കെ ആരെങ്കിലുമെടുത്ത് ആത്മാർത്ഥമായി പ്രയോഗിച്ചാൽ ബൂലോകത്തുള്ളവർ ഒട്ടുമിയ്ക്കവരും,
ഞാനടക്കം,കോടതികേറേണ്ടി
വരൂല്ലൊന്നൊരു വിഷമം മാത്രം
ഡ്യോക്ടര്‍ സ്യൂരജ്
ഇഞ്ചി പറഞ്ഞ ഉത്തരങ്ങള്‍ തൃപ്തികരവും പൂര്‍ണ്ണവും വ്യക്തവുമല്ലെങ്കില്‍ , എന്റെ അറിവു കൂടി പങ്കു വയ്കുന്നു.
ഇനിയും സംശയമുണ്ടെങ്കില്‍ മടിക്കാതെ ചോദികുമല്ലോ.
1.ഇത് എങ്ങനെയാണ് ബ്ലോഗിലെ ഹേറ്റ് സ്പീച്ചുമായി ബന്ധപ്പെടുത്താവുന്നത് ?
->ബ്ലോഗിലെ ഹേറ്റ് സ്പീച്ചിന്റെ അമ്മാവന്റെ താവഴി ഇളയമ്മയില്യേ? കുന്നംകുളത്തെ? മൂപ്പത്ത്യാരുടെ ചേച്ചീന്റെ മകനെയാ ഇത് കല്യാണം കഴിച്ചേക്കണേ. ഇങ്ങനെ ഇതിന്റെ ഹേറ്റ് സ്പീച്ചുമായി ബന്ധപ്പെടുത്താം.
2.ഹേറ്റ് കമന്റുകള്‍ എന്നു വിളിക്കപ്പെടുന്നവ അനുവദിച്ചുകൊടുത്താല്‍ ബ്ലോഗുടമ കൂട്ടുപ്രതിയാവുന്നതെങ്ങനെ ?
->അതു പിന്നെ കേസെഴുതുന്ന പോലീസ്‌കാരുനു ഗുണിക്കാനും ഹരിക്കാനും കുറക്കാനും അറിയില്ല, കൂട്ടാനേ അറിയുള്ളൂ എന്നു വന്നാല്‍ ബ്ലോഗുടമ കൂട്ടുപ്രതി ആയിത്തീരും.
3.അഗ്രഗേറ്റര്‍ ഈ വകുപ്പില്‍ എങ്ങനെ പ്രതിസ്ഥാനത്തു വരുന്നു ?
->കുജന്‍ ബുധസ്ഥാനത്തും ചൊവ്വ സൂര്യസ്ഥാനത്തും വ്യാഴം മര്‍മ്മസ്ഥാനത്തും അടി ആസ്ഥാനത്തും ബ്ലോഗ് അസ്ഥാനത്തും ആണല്ലോ. ഈ ഗ്രഹനില അനുസരിച്ച് അഗ്രഗേറ്റര്‍ പ്രതിസ്ഥാനത്താണ്. പേടിക്കണ്ട, ഒരു ചീട്ട് കുറിച്ച് തരാം..സധനങ്ങള്‍ വാങ്ങ്യാല്‍ ഒരു പൂജ അങ്ങട് നടത്താം..സ്ഥാനം മാറിക്കോളും. ന്തേയ്?
4. കമന്റുകളിലൂടെ ഉണ്ടാവുന്ന “അശ്ലീല”ത്തിനു ബ്ലോഗുടമയോ അഗ്രഗേറ്റര്‍ അഡ്മിനുകളോ പോലും ഉത്തരവാദികളാവുമെങ്കില്‍ ബ്ലോഗ്ഗര്‍ ഉടമയായ ഗൂഗിളടക്കം മുകളിലേക്ക് ഉത്തരവാദികളുടെ ഒരു ഇന്‍ഫിനിറ്റ് റിഗ്രെഷന്‍ ഉണ്ടാവേണ്ടതല്ലേ?
->ഇന്‍ഫിനിറ്റ് എന്തോന്ന്? പേടിപ്പിക്കല്ലേ പേടിപ്പിക്കല്ലേ..ഞാനും ഏഴാം ക്ലാസ്സാ.
ഇന്‍ഫിനിറ്റ് റിഗ്രെഷന്‍ വന്നാല്‍ അതിന്റെ മുകളില്‍ ഒന്ന് ഡിഫറന്‍ഷ്യേഷന്‍ നടത്തിയിട്ട് ശിഷ്ടത്തിനെ ഫാക്റ്റര്‍ അനാലിസിസ് ചെയ്താല്‍ മതി. എന്നിട്ട് ഒരു കണ്‍ജോയിന്റ് അനാലിസിസും അതിന്റെ റിസള്‍ട്ടിന്മേര്‍ ഫൊറിയര്‍ ട്രാന്‍സ്ഫോമും കൂടി അടിച്ചാല്‍, സംഗതി മനോഹരമാകും. ഗൂഗിളല്ല, സാക്ഷാല്‍ ദേവേന്ദ്രന്‍ വരെ കുടുങ്ങും. അതാണ് ! അതാണ് ! റിഗ്രഷന്‍ ഉണ്ടായാലുള്ള ഗുണം.
സമയം കളയാതെ അടുത്ത ചോദ്യത്തിലേക്ക് പോകാം....
5.ഇഞ്ചി ഈ പോസ്റ്റില്‍ പറയുന്ന രീതിക്കുള്ള ഒരു നിയമ വ്യാഖ്യാനം ഏതെങ്കിലും കേസില്‍ ഇന്ത്യന്‍ കോടതികളില്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ ?
->പിന്നേ! തമിഴ്നാട്ടില്‍ ആണ്ടിപ്പേട്ടക്കടുത്ത്, വില്ലടിച്ചാന്‍ മാരന്‍കോവിലില്‍ മാരിയമ്മന്‍ മുത്തുച്ചാമി എന്ന ഇന്റര്‍നെറ്റ് ഉപഭോക്താവിനെ രജനീകാന്തിന്റെ ബ്ലോഗില്‍ അനോണിമസ്സായി വന്ന് "നാന്‍ ഒരു കമണ്ട്ര് കമണ്ട്രിയാല്‍ നൂറ് കമണ്ട്ര് കമണ്ട്രിയ മാദിരി" എന്നെഴുതിയതിന് തൂക്കിക്കൊന്നിട്ടുണ്ട്!
6.ഉണ്ടെങ്കില്‍ റെഫറന്‍സ് നല്‍കാമോ ?
->ബുദ്ധിമുട്ടാണ്. നല്‍കുന്ന റെഫറന്‍സ് ചില്ലിട്ട് വെച്ച്, എന്നും അതിന്റെ മുന്നില്‍ സന്ധ്യാദീപം കൊളുത്തി പ്രാര്‍ത്ഥിക്കാമെങ്കില്‍ മാത്രം തരാം. തലമുറകളായി കൈമാറിക്കിട്ടിയ റെഫറന്‍സ് ആണ്. അതാ.
ഇനിയും ഈ ടൈപ്പ് സംശയവുമായി വരണേ.
സൂരജ്
ആ കേസ് ‘തള്ളിപ്പോയത്’ നെവാടാ ജൂറിസ്ഡിക്ഷ്ന്‍ കാരണമായിരുന്നു. മാത്രമല്ല ആ കേസില്‍ ബ്ലോഗുടമയ്ക്ക് ഒരു വാര്‍ണിങ്ങ് കൊടുത്തിരിന്നുവെങ്കില്‍ അദ്ദേഹം അത് മാറ്റിയേനെ എന്നും കൃത്യമായി പറയുന്നുണ്ടായിരുന്നു. അതായത് ഹിസ് ഡിഫന്‍സ് വാസ് ഹീ വാസ് നോട്ട് അവേര്‍. കേസ് മുന്നോട്ട് അവര്‍ ഫയല്‍ ചെയ്തില്ലായിരുന്നു എന്നാണറിവ്.
മാത്രമല്ല, അതൊരു കമ്പനിയുടെ പ്രോഡക്റ്റിനേയും കസ്റ്റമര്‍ സെര്‍വീസിനേയും പിന്നെ ട്രേഡ് സീക്രട്സ് വെളിപ്പെടുത്തല്‍ ഒക്കെ ആയിരുന്നു കേസ്. അതായത് ഉദാഹരണത്തിനു ‘വി-ഗാര്‍ഡ്’ സ്റ്റെബിലൈസര്‍ തീരെ മോശമാണന്നും അവരുടെ കസ്റ്റമര്‍ സെര്‍വീസിലിരിക്കുന്ന്വര്‍ മണ്ടന്മാരാണെന്നും ആയിരുന്നു അവിടെ നടന്ന കമന്റ്സ്. അതുകൊണ്ടാണ് അത് ഒരു സാധാരണ മനുഷ്യന്റെ ഫ്രീ സ്പീച്ചിന്റെ പരിധിയില്‍ വന്നത്. പക്ഷെ അതുപോലെയാവില്ല മറ്റു ഹേറ്റ് സ്പീച്ചുകള്‍ ഒരു ജാതിക്കെതിരെയോ മറ്റോ നടന്നാലും അത് പ്രോത്സഹിപ്പിച്ചാലും. അവിടെ ലയബിളിറ്റി വ്യത്യാസമാവുമെന്ന് തന്നെ കരുതുന്നു. അത് വേണമെങ്കില്‍ തീവ്രവാദം, റയറ്റിങ്ങ്, വയലന്‍സ് എന്നിവയിലേക്ക് വരെ നീണ്ട് പോവാമായിരിക്കും.
അതെ അമേരിക്കയില്‍ ഫ്രീ സ്പീച്ചിനു വേണ്ടി ക്യാമ്പേയിനുകളും മറ്റും ധാരാളം ഉള്ളതുകൊണ്ട് കേസ് വന്നാലും തടിയൂരി പോവാന്‍ പിന്നേയും സാധിക്കും. പ്രത്യേകിച്ച് ബാരറ്റ്-റോസെന്താള്‍ കേസിനു ശേഷം ഒരു പ്രെസീഡന്‍സ് ഉണ്ട്. എന്നിരുന്നാല്‍ പോലും എല്ലാ സ്റ്റേറ്റുകളിലും അതെ ജുറിസ്ഡിക്ഷനോ മറ്റുമോ ഇല്ല. മറ്റൊരു സ്റ്റേറ്റുകളിലെ നിയമങ്ങളും അതുകൊണ്ട് എല്ലാ സ്റ്റേറ്റിലും നിലനില്‍ക്കില്ല. അങ്ങിനെ ഒരുപാട് നൂലാമാകലളുണ്ട്. എന്തായാലും ഇന്ത്യയില്‍ അതൊന്നും ആവില്ല സ്ഥിതി. ഇതുപോലെ ഫ്രീ സ്പീച്ച് ഇത്യാദിയൊന്നും അവിടെ ചിലവാവില്ല എന്നു വേണം കരുതാന്‍.
താല്പര്യമുണ്ടെങ്കില്‍ ഇത് ബ്ലോഗേര്‍സിനു വായിച്ചിരിക്കേണ്ട കുറച്ച് വാര്‍ത്തകളും ഗൈഡ്‌ലൈന്‍സുമാണ്.
Bloggers & Moderators liable for blog comments
ഭൂമിപുത്രി :)
എല്ലാര്‍ടേം കാര്യം അറിവില്ല. പക്ഷെ എന്റെ കാര്യത്തില്‍ നിയമവിരുദ്ധമായി ബ്ലോഗില്‍ എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല
"അങ്ങിനെ ലീഗല്‍ പ്രൊട്ടക്ഷന്‍ വേണമെങ്കില്‍ തനിമലയാളവും ചിന്തയും മറുമൊഴിയും പിന്മൊഴിയും ഒക്കെ ലീഗല്‍ എന്റിറ്റികളാവുകയും അവര്‍ക്ക് ടേംസും ബൈലോയും കൊണ്ടു വരുകയും അവരുടെ സെര്‍വീസ് യൂസ് ചെയ്യുന്നതിനു മുന്‍പ് ഒരു ഐ അഗ്രീ ബട്ടണും വെക്കണം."
ഇഞ്ചീ ചിന്തയില്‍ എന്തോ ഒരു ടേംസ് ആന്‍ഡ് കണ്ടിഷന്‍സ് വായിച്ചതായി ഓര്‍ക്കുന്നു.
ഇഞ്ചിയോടൊരു സംശയം എനിക്ക് ചോദിക്കാനുള്ളത് (വക്കിലിനോടല്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ. അറിയാമെങകില്‍ പറഞ്ഞുതരൂ.)
ചിത്രകാരനെന്ന വ്യക്തി അനോണിയായിരുന്നപ്പോള്‍ പലരും അയാള്‍ക്കെതിരെ പ്രതികരിക്കാന്‍ ഭയന്നിരുന്നു. അതിന് കാരണം പരാതിപ്പെട്ടാലും കൂടുതല്‍ സമയം കാക്കേണ്ടാ വരുമെന്നതിനാലാകാം. അയാളിട്ട വിവാദ പോസ്റ്റുകള്‍ വളരെ നാളുകള്‍ പലരും വായിച്ച ശേഷമാണ് നീക്കം ചെയ്തത്. ഗൂഗില്‍ കുറച്ച് കാലം കൂടി അത് ലഭ്യമാക്കുന്നു.
പക്ഷെ കേരളബ്ലോഗ് അക്കാദമി എന്നപേരിലും (തന്റെ പേരില്‍ മാത്രം)ജില്ലകള്‍ക്കായും പലബ്ലോഗുകള്‍ തുറന്ന് ജനകീയം എന്ന വ്യാജേന എന്റെ പടമെടുക്കരുത് പ്രസിദ്ധീകരിക്കരുത് ഇത് നാഥനില്ലാക്കളരിയാണ് എന്നൊക്കെ പറഞ്ഞ് മാന്യനായി ശില്പശാലകള്‍ നടത്തി പുതുമുഖങ്ങളുടെ ഐഡിയും, ഫോണ്‍ നമ്പരും, അഡ്രസ് ശേഖരിക്കലും മറ്റും ചെയ്ത് താന്‍ ശീല്പശാലകളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച എല്ലാ ബ്ലോഗുകളിലും ശില്പശാലകളില്‍ പരാമര്‍ശിക്കാത്ത ഹേറ്റ് സ്പീച്ച് ലിങ്കുകളിലേയ്ക്കുള്ള വഴികാട്ടിക്കൊടുക്കുന്നത് ഏതെങ്കിലും വകുപ്പില്‍പ്പെടുമോ? (ഉദാ. വഞ്ചന, കബളിപ്പിക്കല്‍ മുതലായ)
കുറച്ചൊക്കെ സ്വാതന്ത്ര്യം വേണം ഇല്ലെങ്കില്‍ മുകളില്‍ MOV എഴുതിയ പോലത്തെ രസകരമായ കമന്റുകള്‍ വായിക്കാന്‍ കഴിയുമോ?
MOV... ഹാറ്റ്സ് ഓഫ് :)
ചന്ദ്രേട്ടാ
ചിത്രകാരനോ പൊന്നമ്പലമോ ഇവിടെ പ്രസക്തമല്ല. അങ്ങിനെയുള്ളതിനെക്കുറിച്ച് സംസാരിക്കാന്‍ താല്പര്യമില്ല.
ഇഞ്ചി പറഞ്ഞതു പോലെ അമേരിക്കന്‍ നിയമങ്ങള്‍ എന്തായാലും ഇന്ത്യയില്‍ അതു ബാധകമല്ല. ഇപ്പോള്‍ ഉയര്‍ന്നുവന്ന സന്തോഷ് -ചിത്രകാരന്‍ കേസില്‍ ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഒരു ജഡ്ജ്മെന്റ് ഉണ്ടാവില്ല എന്ന് ആശിക്കാം (കേട്ടിടത്തോളം അവിടെ വിഷയം വേറെയാണ്).
ചുരുക്കത്തില്‍ അവരവരുടെ ബ്ലോഗ് തൂത്തുവൃത്തിയാക്കി വയ്ക്കാന്‍ അവരവര്‍ തന്നെ മുന്‍ കൈ എടുക്കുന്നതാണ് നല്ലത് എന്നല്ലേ ആ ലിങ്കുകളിലെ ലീഗല്‍ ക്ലോസുകള്‍ കാണിക്കുന്നത് ?
മുകളിലെ കമന്റുകളിലേതു പോലെ അനോണിയായി എഴുതി ചിരിപ്പിക്കാന്‍ ഒതളങ്ങാ വര്‍മ്മമാര്‍ നമുക്ക് ഉണ്ടാവേണ്ടതും അത്യാവശ്യം. ഇതിനിടയ്ക്കുള്ള ഒരു ബാലന്‍സ് കണ്ടെത്താന്‍ എല്ലാവര്‍ക്കും കഴിയട്ടെ.
മഞ്ഞ ഒതളങ്ങേ,
വര്‍മ്മമാരെ നിരന്തരം അവഹേളിക്കുന്നു എന്ന് ഒരു പെറ്റീഷന്‍ അയച്ചാലോന്ന് നോം നിരീക്കുന്നു. തൂച്ചിച്ചോ ! ഐ.പിത്തറവാട് തോണ്ടാന്‍ പൊലീസ് വരും :)))
പ്ശ്ശ്... ഒതളങ്ങാ ടൈംസില്‍ ഒരു പോസ്റ്റ് പ്രതീക്ഷിച്ചു, ന്തേയ് കണ്ടില്ലാ ? ലീഗല്‍ ഗൊണാണ്ടറില് പിടിച്ചിരിക്കേണാ ?
നോക്കിയപ്പോ ഉള്ള രണ്ട് പോസ്റ്റുകള്‍ ഇപ്പൊ മുക്കിയിരിക്കണ്. അരേ ദുഷ്ട്!
നല്ല പോസ്റ്റ്.
"ഇതൊന്നും ഞാനല്ല. എന്റെ പേരില്‍ ആരോ എഴുതണതാ.." എന്നു പറഞ്ഞാല്‍?
ഇന്റര്‍നെറ്റ് നിയമം ഇന്ത്യയില്‍ എങ്ങനെ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ (ഇന്റര്‍നെറ്റ് മീഡിയയിലെ നിയമവകുപ്പുകള്‍ കോടതി വഴി കയറി ഇറങ്ങിയിട്ടില്ല) 7 years of indian cyberlaw എന്ന പുസ്തകം വായിച്ചിരിക്കുന്നത് നന്നായിരിക്കും, ഒട്ടേറെ അവ്യക്തത അത് തീര്‍ത്തു തരേണ്ടതാണ്. സൗജന്യമായി ഇവിടെ ഡൗണ്‍ലോഡാം:
http://asclonline.com/index.php?title=Ebooks#Seven_years_of_Indian_Cyber_Law
വകുപ്പുകള്‍ അവിടെ നില്‍ക്കട്ടെ:
1. ആത്മസാക്ഷാല്‍ക്കാരത്തിന്റെ ഹര്‍ഷോന്മാദമൊക്കെ ആകാം പക്ഷേ ബ്ലോഗ് അല്ലെങ്കില്‍ ഇന്റെര്‍നെറ്റില്‍ എഴുത്ത് ഒരു പബ്ലിക്കേഷന്‍ ആണ്. ഇഷ്ടമുള്ളവരേ ബ്ലോഗ് വായിക്കുന്നുള്ളൂ അതിനാല്‍ അത് പൊതുമാദ്ധ്യമമല്ല എന്ന വാദം തെറ്റാണ്. സ്റ്റണ്ട് മാസിക ചോദിച്ച് പണം കൊടുത്ത് വാങ്ങുന്നവനേ ലഭിക്കൂ, ആരും നിങ്ങളുടെ വീട്ടില്‍ കൊണ്ടൊട്ടിച്ചു വയ്ക്കില്ല, അതുകൊണ്ട് അത് അശ്ലീല പ്രസിദ്ധീകരണം അല്ലെന്ന് വരുന്നില്ല.
2. അനോണിത്തം ഇന്ത്യയില്‍ പബ്ലിഷറേ പ്രത്യേകിച്ച് ഒരു അഡ്വാന്റേജും തരില്ല- ഇരുട്ടടിയില്‍ നിന്നല്ലാതെ. എന്റെ ബ്ലോഗിന്റെ പേരില്‍ ഒരു കേസുണ്ടായാല്‍ യഥാര്‍ത്ഥ ഞാന്‍ വേര്‍സസ് ആരോപകന്‍ ആണ് കോടതിയില്‍ വാദിക്കപ്പെടുന്നത്.
3. ബ്ലോഗില്‍ വരുന്ന കമന്റുകള്‍ക്ക് മേല്‍ പബ്ലിഷറെന്ന നിലയ്ക്ക് ബ്ലോഗുടമയ്ക്ക് പരമാധികാരം ഉണ്ട്. ഒരു റീസണബിള്‍ സമയത്തിനപ്പുറം അദ്ദേഹം അത് കണ്ടില്ലെന്നു നടിക്കുകയാണെങ്കില്‍ (തെളിയിക്കേണ്ടിവരും) എസ്റ്റോപ്പല്‍ നിയമം അനുസരിച്ച് ആ കമന്റ് തന്റെ അധീനതയിലുള്ള സ്ഥലത്ത് പബ്ലിഷ് ചെയ്യാന്‍ ബ്ലോഗ് ഉടമ അനുവാദം നല്‍കിയെന്ന് കണക്കാക്കേണ്ടിവരും (ഇത് ഒരു പ്രസ്ഥാവന വഴി നൂറുശതമാനം ഡിസോണ്‍ ചെയ്യാമോ എന്നത് കോടതിയിലിട്ട് മുടിനാരു കീറേണ്ടിവരും. പക്ഷേ ഇന്ന് ഞാന്‍ ഓഫീസിലായിരുന്ന സമയം വന്ന ഒരു കമന്റിന്റെ പേരില്‍ ഇന്ന് ഞാന്‍ ജയിലില്‍ പോകേണ്ടിവരില്ല, എസ്റ്റോപ്പല്‍ ഇല്ലായിരുന്നു എന്നാല്‍ കഴിഞ്ഞാഴ്ച ഇട്ട പോസ്റ്റിന്റെ കമന്റ് അവിടെ കിടക്കുകയും ഞാന്‍ ശേഷം അതിനു മൂട്ടില്‍ എട്ടു കമന്റ് ഇടുകയും ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ നിഷ്ക്രിയത്വം ആ കമന്റ് അവിടെ പ്രസിദ്ധീകരിക്കാനുള്ള സമ്മതമാണെന്നു വരും)
4. ഞാന്‍ പത്രത്തിലെഴുതുന്ന തെറിയും ടിവിയില്‍ പറയുന്ന തെറിയും ബ്ലോഗില്‍ എഴുതുന്ന തെറിയും തമ്മില്‍ വളരെയൊന്നും വത്യാസമില്ല. ഞാന്‍ പത്രത്തില്‍ തൂലികാനാമത്തില്‍ എഴുതുന്നതുപോലെയേ അനോണിയായി ബ്ലോഗ് പ്രസിദ്ധീകരിച്ചാല്‍ ഫലമുള്ളു.
5. ബ്ലോഗ് അഗ്രിഗേഷന്‍ ഇന്ത്യന്‍ നിയമമനുസരിച്ച് "causing publication" ആകണമെങ്കില്‍ അത് യാന്ത്രിക പ്രവൃത്തി ആയിരിക്കരുത് (റോഹാസ് നാഗ്പാലിന്റെ പുസ്തകം കാണുക)
യു ഏ യീ ബ്ലോഗര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്:
മതപരമായ വിമര്‍ശനം സൈബര്‍ നിയമം അനുസരിച്ച് യൂയേയിയില്‍ ശിക്ഷാര്‍ഹമാണ്. ഇസ്ലാമിനെയോ മറ്റ് ഏതെങ്കിലും മതത്തിനെയോ പ്രാര്‍ത്ഥനാകേന്ദ്രങ്ങളെയോ മതചടങ്ങുകളെയോ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നത് ജയില്‍ റ്റേം അടക്കം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇവിടെ. വത്യാസം ശരിക്ക് മനസ്സിലാക്കുക. സര്‍ദാര്‍ജിമാര്‍ തലപ്പാവ് ധരിക്കുന്നത് മതാചാരമഅണ്, യൂയേയിബ്ലോഗര്‍ അതിനെ പരിഹസിക്കാന്‍ പാടില്ല. ഗംഗയില്‍ കുളിച്ചാല്‍ പാപം പോകമെന്നത് ഹിന്ദു ആചാരമാണ്, അത് ശാസ്ത്രീയമോ എന്ന് ചോദിക്കുന്ന പോസ്റ്റ് ശിക്ഷാര്‍ഹമാണ്. റോഡുവക്കിലെ പള്ളി ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുന്നെന്ന് പറയുന്നതും ശിക്ഷാര്‍ഹമാണ്. പ്രധാനപ്പെട്ട മറ്റൊരു കാര്യം ഇസ്ലാമിതര മതപ്രചാരണവും ശിക്ഷാര്‍ഹമാണ് എന്നതാണ്.
ശ്രദ്ധേയമായ ഒരു നിയമം ഒരുത്തന്റെ കുടുംബസ്വകാര്യ വിവരങ്ങളില്‍ മോശമായതെന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഇനി സത്യമാണെങ്കില്‍ക്കൂടി ഇന്റര്‍നെറ്റില്‍ ഇടുന്നത് ശിക്ഷാര്‍ഹമാണ് എന്നതാണ്.
(സൈബര്‍ നിയമം ബ്ലോഗര്‍മാരെ ഇവിടെ ജേര്‍ണലിസ്റ്റുകള്‍ ആയിട്ട് കാണുന്നു. നോ മോര്‍ നോ ലെസ്)
More to order are a pack of wolves than so many men, unless they have a common intention in them or a common power over them എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഇവിടെ കേസും കൂട്ടൊം വിവാദോമൊക്കെ കാണുമ്പോള്‍ ചെന്നായ്ക്കള്‍ എത്രയോ ഭേദമാണെന്ന് തോന്നിപ്പോവുന്നു. ചുരുങ്ങിയ പക്ഷം ബ്ലോഗര്‍മാര്‍ക്കെങ്കിലും ചെന്നായ്ക്കളേക്കാള്‍ നന്നാവമായിരുന്നു. എങ്കില്‍ നിയമം എന്ന ഡമോക്ളീസിന്റെ വാള്‍ തലയുടെ മുകളില്‍ ഇരിപ്പുണ്ടെന്ന് ഇഞ്ചിപ്പെണ്ണിന് ഓര്‍മിപ്പിക്കേണ്ടിവരില്ലായിരുന്നു.
നന്നി പെണ്ണേ :)
ഇഞ്ചീ നമ്മളാരും (ഞാനതില്‍പ്പെടുന്നതിനാല്‍ ഇപ്രകാരം പറഞ്ഞെന്നേയുള്ളു) വായിച്ച് നോക്കാത്ത അല്ലെങ്കില്‍ മനസ്സിലാക്കാത്ത ടേംസ് ആന്റ് കണ്ടിഷന്‍സിന്റെ ലംഘനം നടത്തുവാന്‍ ആര്‍ക്കാണവകാശം? ബ്ലോഗ് ചെയ്യുന്ന ഒരു വ്യക്തിയോട് ബ്ലോഗര്‍ എന്ന സേവന ദാതാവ് പറയുന്നത് പാലിക്കുവാന്‍ അത് ഉപയോഗിക്കുന്ന നമ്മളൊക്കെ ബാധ്യസ്ഥരല്ലെ? വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുള്ള പലതും ലംഘിക്കപ്പെട്ടാല്‍ അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ക്ക് അതീതനാകുവാന്‍ കഴിയുമോ? ഇത്തരം കാര്യങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ച സിയ നന്ദിയുണ്ട്.
ബ്ലോഗ് തുടങ്ങുന്നവര്‍ അല്ലെങ്കില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ വായിച്ചിരിക്കേണ്ട കാര്യങ്ങള്‍ ഇവിടെനിന്നും ആംഗലേയത്തില്‍ വായിക്കാം. അതും ഒര് പോസ്റ്റാക്കിയിട്ടുണ്ട്.
സെബിന്റെ പോസ്റ്റിലിട്ട കമന്റ് ഇവിടെ ഇടുന്നു. ആരെങ്കിലും ഉത്തരം തരുമോ?
ചിത്രകാരന്‍ എന്ന ബ്ലോഗര്‍ (അല്ലെങ്കില്‍ വേറെ ആരെങ്കിലും) കണ്ണൂരില്‍ ആയതിനാല്‍ അദ്ദേഹത്തിനെതിരെ അവിടുത്തെ പൊലീസ് സ്റ്റേഷനില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. എന്നാല്‍, മലയാളം നല്ലവണ്ണം അറിയാവുന്ന എന്നാല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാത്ത ഒരാള്‍ , കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയുമായി കരാര്‍ ഒന്നുമില്ലാത്ത ഒരു രാജ്യത്തിരുന്ന് ഇതുപോലെയുള്ള ലേഖനങ്ങള്‍ എഴുതി എന്ന് വയ്ക്കുക. അപ്പോള്‍ എന്തു ചെയ്യും? ആര്‍ക്ക് പരാതി കൊടുക്കും? അല്ലെങ്കില്‍ ചിത്രകാരന്‍ തന്നെ മറ്റൊരു രാജ്യത്തെ (അമേരിക്കയല്ല..) പൗരത്വം സ്വീകരിച്ച ആളാണെങ്കില്‍ ഇന്ത്യന്‍ നിയമങ്ങള്‍ വച്ച് അദ്ദേഹത്തിനെതിരെ കേസ് എടുക്കാന്‍ സാധിക്കുമായിരുന്നോ? അപ്പോള്‍ ഗൂഗിളില്‍ പരാതിപ്പെടാനല്ലേ സാധിക്കൂ.. അത് ഈ കേസില്‍ ചെയ്തില്ല എന്ന് തോന്നുന്നു.
(നോട്ട് ദി പോയിന്റ് : ഇന്ത്യന്‍ ഐ.ടി നിയമവും മറ്റു ചില രാജ്യങ്ങളിലെ ഐ.ടി നിയമവും തമ്മില്‍ ഒത്തിരി വ്യത്യാസം ഉണ്ടെന്ന് കേട്ടറവ് വച്ചാണ് ചോദ്യം)
‘ബ്ലോഗെഴുത്തും മാറുന്ന സാഹചര്യങ്ങളും‘ എന്ന പേരില്‍ ഞാന്‍ ജൂണ്‍ 15 2008ല്‍ എഴുതിയ ഒരു പോസ്റ്റിന്റെ ലിങ്ക് ഇവിടെ വയ്ക്കുന്നു.
അതില്‍ ഇന്ത്യയില്‍ നടന്ന ഒരു കേസിനെ പരാമര്‍ശിക്കൂന്നുണ്ട്.
ഇവിടെ
എന്നാല്‍ ഇവിടെ പരാമര്‍ശിച്ച് Rahul Krishnakumar Vaid ശിക്ഷിക്കപ്പെട്ടുവോ എന്നറിഞ്ഞുകൂട.
കാര്യങ്ങൾ വളരെ ലളിതമായി വിശദീകരിച്ചിരിയ്ക്കുന്നു.
നന്ദി...!
inchi
v informative post. am sure it will be useful to bloggers. people often think anonymity of internet shield them against consequences of personal abuse.
btw,mov's comment was hilarious!
ഒരുപാട് അറിവുകൾ കിട്ടി.നന്ദി
അകാരണമായി തോന്നുന്നവ്യക്തി വിരോധം കാരണം പോലും ആര്‍ക്കും ആര്‍ക്കെതിരേയും കേസുകൊടുക്കാം.
നിയമവകുപ്പുകള്‍ ഏതെല്ലാം ചാര്‍ത്തണമെന്ന്
തീരുമാനിക്കാന്‍ തീര്‍ച്ചയായും നിയമം അറിഞ്ഞിരിക്കണം. എതിരാളി എത്രത്തോളം പീഢിപ്പിക്കപ്പെടണം,എത്രമാത്രം വിരോധം മനസ്സില്‍ അവശേഷിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കേസെടുക്കാനുള്ള മനദണ്ഡം.
(എതിരാളിയുടെ സാമീപ്യവും,മേല്‍വിലാസത്തിന്റെ ലഭ്യതയുമാണ്
കേസിനെ ശക്തികൂട്ടുന്ന ഘടകം)
സ്വന്തം വിശ്വാസങ്ങളും,അറിവും ശരിയാണെന്ന് സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കാനുള്ള ദുരഭിമാനികളുടെ
നിയമവിധേയമായ ആക്രമണമാണ് ഇത്തരം കേസുകള്‍.കൂലിത്തല്ല്,ഗുണ്ടായിസം എന്നിവയില്‍ നിന്നും കുറച്ച് വൈറ്റ്കോളര്‍ കുലീനതയുള്ളവരുടെ ശത്രുസംഹാര പൂജകളായും
ഈ ഈഗോ കോപ്ലക്സിനെ കാണാം!
വര്‍ഗ്ഗീയത,ജാതീയത എന്നീ ദുരഭിമാന രോഗങ്ങളുള്ളവരുടെ വാര്‍ദ്ധക്യ വിനോദങ്ങളായും
കേസുകളെ അപഗ്രഥിക്കാം :)
അല്ലാതെ, ലോകത്തുള്ള നിയമങ്ങളെല്ലാം പഠിച്ചവര്‍ക്കേ സര്‍ഗ്ഗാത്മക സൃഷ്ടികള്‍ നടത്താനുള്ള അവകാശമുള്ളു എന്ന് ആരു പറഞ്ഞാലും, സാഹിത്യം,കല എന്നതൊക്കെ വക്കീലന്മാരുടെ മാത്രം കേസുകെട്ടാണെന്ന് അര്‍ത്ഥം വരും.
അക്ഷരങ്ങളോട് ഗുസ്തിപിടിക്കുന്നവര്‍
സംസ്കാരമുള്ളവരല്ല എന്ന സത്യം മനസ്സിലാക്കാന്‍ നിയമങ്ങളൊന്നും വായിക്കണമെന്നില്ല.
Post a Comment