2009-01-02

പ്രിയ ചിദംബരം മന്ത്രി!

പ്രിയ ചിദംബരം മന്ത്രി

കുറച്ച് നാളായി മനുഷ്യന്‍ സഹിക്കുന്നു. ഒരൊറ്റ നാഴിമണി അരി കിട്ടാനില്ല. കിട്ടുന്ന അരിയാകട്ടെ മനുഷ്യനു വായില്‍ വെക്കാന്‍ കൊള്ളാത്ത ബസ്മതിയും പിന്നെ സൌതില്‍ നിന്നോ മറ്റോ വരുന്ന ഏതാണ്ട് ഒരു അരിയും. എത്ര നാള്‍ ഞങ്ങളെയിങ്ങനെ അരിപ്പട്ടിണിക്കിടാനാണ് പദ്ധതി? താങ്കളുടെ മൂക്കിന്റെ താഴെക്കൂടെ ആളുകള്‍ അരി കള്ളക്കടത്തുന്നു. സ്വര്‍ണ്ണം ആര്‍ക്കും വേണ്ട. ഒരല്പം കുത്തരിക്കാണിപ്പോള്‍ ഡിമാന്റ്. നോര്‍ത്ത് ഇന്ത്യയിലോ മറ്റോ ബസ്മതി അരിച്ചാക്കുകള്‍ക്കൊപ്പമാണത്രേ നമ്മുടെ കുത്തരി കടത്തുന്നത്. പൊന്നും വിലക്കാണ് ഇവിടെ എന്നിട്ട് ഒരു പായ്ക്കറ്റ് വില്‍ക്കുന്നത്. എന്നിട്ട് ഇന്ത്യന്‍ കടയില്‍ അരി വന്നു എന്നു അതീവ രഹസ്യമായി എസ്.എം.എസ് മെസേജ് കിട്ടുന്ന വഴി ഓഫീസില്‍ നിന്നു തലതല്ലിയലച്ച് ഓടിച്ചെന്ന് പിള്ളേരേം കുളിപ്പിച്ച് ചെല്ലുമ്പോഴേക്കും അവിടെ ഒരു അരിമണി പോയിട്ട് കൊണ്ടോന്ന ചാക്ക് സഹിതം നല്ല മിടുക്കരു പെമ്പിള്ളേരു‍ കൊണ്ടു പോയിക്കാണും.

ആദ്യം പരിപ്പായിരുന്നു. പക്ഷെ എന്നിട്ടും പരിപ്പിളകാതെ ഞങ്ങള്‍ പിടിച്ചു നിന്നു. അപ്പോഴാണ് അരിക്ക് വിലക്ക്. കുറച്ച് നാള്‍ സഹിച്ചു. ഓണത്തിനു കുത്തരി കൂട്ടാണ്ട് കാളനൊന്നും അങ്ങട് ശരിക്കും കുഴച്ച് കഴിക്കാന്‍ പറ്റിയില്ല. ങ്ങാ പോട്ടെ, എന്നു വെച്ചു. പ്രതിസന്ധിയല്ലേ, നാടല്ലേ മുഖ്യം എന്നൊക്കെ ആശ്വസിച്ചു. എന്നിട്ടിതെത്ര നാളു തുടരാനാണ് പ്ലാന്‍? ഒന്നും മിണ്ടുന്നില്ലാന്ന് വെച്ച്? കാര്യം അമേരിക്കയിലാണ്, ബര്‍ഗറും, പിസ്തായും, പാസ്തായും ഒക്കെ ഉള്ള നാടാണെങ്കിലും ഉള്ളതു പറയാമല്ലോ കുത്തരി ചോറും ഒരല്പം വാസനയ്ക്കായി മീഞ്ചാറും ഇല്ലാണ്ട് ഭക്ഷണം കഴിച്ചതുപോലെ തോന്നില്ല. പച്ചരി കഴിച്ച് മനുഷ്യന്‍ നാശകോശമായി.

പണ്ടെന്തൊരു അഹങ്കാരമായിരുന്നു. റൈസ് ബ്രാന്‍ ഓയില്‍ ഉള്ളോണ്ട് നിറപറ ആരും വാങ്ങിക്കില്ല. ആന്ധ്രയിലെ കളര്‍ വെള്ളം അടിച്ചു വരുന്നതുകൊണ്ട് ലക്ഷ്മിയും വാങ്ങിക്കില്ല. പിന്നെ പവിഴം വേണോ, ഡബിള്‍ ഹോര്‍സ് വേണോ എന്നൊക്കെയായിരുന്നു. ഇപ്പൊ ദേ, ലക്ഷ്മിയെങ്കില്‍ ലക്ഷ്മി മതി, നിറപറയെങ്കില്‍ നിറപറ. എന്തെങ്കിലും കടത്തി വിടൂ. പ്ലീസ്. മനുഷ്യന്‍ ആ കുത്തരി വേവിച്ചിട്ട് അതിന്റെ കഞ്ഞിവെള്ളം ഊറ്റുമ്പോഴുള്ള ആ പാലക്കാടന്‍ മണ്ണിന്റെ വാസന ഒന്നു ശ്വസിച്ചിട്ട് എത്ര നാളായീന്ന് അറിയോ? മര്യാദയ്ക്ക് ചമ്മന്തി അരച്ച് കൂട്ടിക്കൊഴച്ച് കഴിക്കാന്‍ കുത്തരിയല്ലാണ്ട് പിന്നെ വേറെ ഏതെങ്കിലും അരിക്ക് പറ്റുമോ? ഒട്ടും സഹിക്കാന്‍ വയ്യാണ്ട്, ഇന്നാളിരുന്ന പൊടിയരിക്കഞ്ഞിക്കുള്ളത് ഞങ്ങള്‍ പൊടിയരിച്ചോറ് വെച്ച് കഴിച്ചു. ങ്ങാഹാ!

ഒഹ്, എന്തൊക്കെ ബഹളം ആയിരുന്നു. ഇഡ്ഡലിക്ക് വരെ കുത്തരി അരച്ച് അഹങ്കരിച്ചിട്ടുണ്ട്. കുത്തരിയുടെ അവലേ തിന്നൂ, കുത്തരിയുടെ പുട്ടേ ഇറങ്ങൂ, ഇടിയപ്പം വരെ അതു മതി. സായിപ്പൊക്കെ വിരുന്നിനു വരുമ്പൊ ദിസ് റൈസ്, ഡബിള്‍ ബോയില്‍ഡ്, ദ ബ്രാന്‍ സ്റ്റിക്ക്സ് റ്റു ദ റൈസ് ഗ്രെയിന്‍, സൊ വെരി ഗുഡ് ഗുഡ്, ഫുള്‍ ഓഫ് ഫൈബര്‍ എന്ന് ആംഗ്യഭാഷ്യയിലും അറിയാവുന്ന ഇംഗ്ലീഷിലും വെച്ചു കാച്ചുമ്പോള്‍ എന്തൊരു ഗമയായിരുന്നു. ഇന്നാളൊരു അമേരിക്കക്കാരി എഴുതി ചോദിക്കുന്നു, ഈ ബ്ലോഗിലൊക്കെ കൊട്ടിഘോഷിച്ചോണ്ടിരുന്ന ആ ‘കുറ്റരി’ എവിടെ കിട്ടുമെന്ന്. ദേ അമേരിക്കക്കാരെ വരെ അത് തിന്നാന്‍ പഠിപ്പിച്ചോണ്ടിരിക്കുമ്പോഴാണ് ഇങ്ങിനെയൊരു പാതകം.

ഇവിടെ എത്ര നേരമില്ലെങ്കിലും കാലത്തെ എഴുന്നേറ്റ് ഒരല്പം അരി വെള്ളത്തിലിട്ട് അത് പ്രാതലൊക്കെ ഉണ്ടാക്കിവരുമ്പോഴേക്കും, കുളിച്ച് റെഡിയാവുമ്പോഴേക്കും, ഇങ്ങിനെ തിളച്ച് തിളച്ച് തൂവി, ചോറാക്കി, അതൊന്നു ഇങ്ങിനെ പതുക്കെ പൂ പോലെ കോരിയിട്ട് ഒരിച്ചരെ മോരും എന്തേലും ചുട്ടതോ വറുത്തതോ ഒക്കെ എടുത്ത് ഉച്ചയ്ക്ക് ഓഫീസിലേക്ക് കൊണ്ടു പോവുന്നതാണ്. എന്നിട്ടാണീ ചതി ഞങ്ങളോട്. പച്ചരി ഇങ്ങിനെ തിന്നാനാണെങ്കില്‍ ഞങ്ങളൊക്കെ വല്ലോ നോര്‍ത്ത് ഇന്ത്യയിലും ജനിച്ചാ പോരായിരുന്നോ? ഇതിലും ഭേദം ചപ്പാത്തിയാ. ദേ ഞങ്ങളെക്കൊണ്ട് ചപ്പാത്തി തീറ്റിച്ച് പഞ്ചാബിനു ലാഭം ഇണ്ടാക്കിപ്പിക്കരുത്.

ഈ കഴിഞ്ഞ ക്രിസ്തുമസ്സിനു ഇവിടെ ഞങ്ങളു ചെത്തിയ നല്ല കള്ളു കൊണ്ട് ഉണ്ടാക്കിയ കള്ളപ്പവും, നല്ല കാട്ടു പന്നീടെ വെടിയറിച്ചിയും കഴിക്കുമ്പോ അതിന്റെ കൂടെ കുത്തരിയില്ലാ‍ണ്ട്? പിന്നെ മനുഷ്യന്‍ എന്തുകൂട്ടി കുഴക്കും? നാട്ടിലെ സകല സാധനവും കിട്ടീ‍ലെങ്കില്‍ ഞങ്ങള്‍ ഉണ്ടാക്കിയെടുക്കും. ഇവിടെ അറിയാവുന്ന സകല മലയാളികളും അവനവനു കിട്ടണ സ്ഥലത്ത് നല്ല പനങ്കള്ള് മുതല്‍, കറിവേപ്പില മുതല്‍, കപ്പ മുതല്‍, കാച്ചിലു വരെ ഉണ്ടാക്കി കഴിക്കുന്നു. അരി മാത്രമാണ് ഞങ്ങള്‍ കൃഷി ചെയ്യാത്തത്. ദേ ഒരുപാട് മൂപ്പിച്ചാ ഞങ്ങളതും ചെയ്യും, പറഞ്ഞില്ലാന്ന് വേണ്ട. പിന്നെ അമേരിക്കന്‍ ഡോളറു കിട്ടാണ്ട് അരി കര്‍ഷകര്‍ ഇനി പ്രതിസന്ധിയിലാണെന്ന് പറഞ്ഞേക്കരുത്. നിങ്ങളു കേരളാ മലയാളീസ് അവിടെ അന്ധ്രയില്‍ നിന്നു അരി നോക്കി ഇരിക്കണ പോലെ ഒന്നും ഇരിക്കാനുള്ള ക്ഷമ ഞങ്ങള്‍ക്കില്ല. ഇവിടെ ഏക്കറു കണക്കിനാണ് ഭൂമി തുച്ഛ വിലയ്ക്ക് കിട്ടാ. ഇവിടെ ട്രാക്റ്റര്‍ ഇറക്കാന്‍ ഒരാളേയും പേടിക്കണ്ട. നെല്‍ക്കതിരു കൊയ്യാനും ആരുടേം ഒത്താശ വേണ്ട. വെറുതേ ഇരിക്കുന്ന ഞങ്ങളെ ഇനി ആ പാപവും കൂടി ചെയ്യിപ്പിക്കരുത്!!

- എന്ന് വേദനിക്കുന്ന അമേരിക്കക്കാരി.

39 പ്രതികരണങ്ങള്‍:

Calvin H said...

തന്നെ തന്നെ... ഞാനും തല്‍ക്കാലം ലക്ഷ്മിയില്‍ ഒതുക്കിയിരിക്യാണ്. എന്തായിരുന്നു പണ്ട് അഹങ്കാരം. ഡെയ്‌ലി മുത്തശ്ശിയില്‍ നിന്ന് കുത്തരിപ്പുട്ട് തിന്നപ്പോ ഇതു വല്ലോ ആലോചിച്ചിരുന്നോ? വീട്ടിലത്തെ കാര്യം പിന്നെ പറയേം വേണ്ട. പൊന്നിയോ മട്ടയോ അല്ലാതെ വല്ലോം വെച്ചാ അന്ന് നിരാഹാരം വരെ ഇരിക്കില്ലാരുന്നൊ?

ഹോസ്റ്റലിലെ സുനിലേട്ടന്റെ കാന്റീനിലെ ചോറ് എങ്കിലും കിട്ടിയാല്‍ മതിയാരുന്നു എന്ന് വരെ തോന്നിപ്പോകുന്നു... എന്നെക്കൊണ്ട് ട്രാക്റ്റ്ര്‍ ഉന്തിക്കും

ജയരാജന്‍ said...

പാവം ചിദംബരം, ആഭ്യന്തരം തന്നെ എടുത്താല്‍ പൊങ്ങുന്നില്ല; അപ്പോഴാ ഇനി ഭക്ഷ്യം. ശരദ് പവാര്‍ എന്നോ മറ്റോ പേരുള്ള ഒരാളുണ്ടല്ലോ ഭക്ഷ്യമന്ത്രിയായിട്ട്; അങ്ങേരോട് ചോദിച്ചാല്‍ വല്ലതും നടക്കും. പോരെങ്കില്‍ നമ്മുടെ സ്വന്തം മുരളിയുടെ ഒരേയൊരു ഹൈക്കമാന്റും
(കെട്ടിക്കിടക്കുന്ന റേഷനരി വെയ്ക്കാന്‍ സ്ഥലമില്ലത്രേ; എന്നാലും ജനത്തിന്‌ കൊടുക്കില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മിച്ചമുള്ള അരി കടലില്‍ത്തള്ളിയ സ്ഥിതിക്ക് ഞങ്ങള്‍ ഇത്രയെങ്കിലും ചെയ്യണ്ടേ)

അയല്‍ക്കാരന്‍ said...

ഫ്ലോറിഡേലും ജേഴ്സീലുമൊക്കെ കിടക്കുന്നോര്‍ക്ക് ഇങ്ങനൊക്കെയേലും പറയാം. ഇവിടൊന്നുമല്ലാത്ത ഞാനൊക്കെ അരിയുള്ള കാലത്തും കുത്തരി കണ്ടിരുന്നത് 300‍ മൈല്‍ അകലെയാ. പിന്നാ ഇപ്പൊ?

ഇതിലും നീറുന്ന പ്രശ്നങ്ങള്‍ വേറേ എത്ര കിടക്കുന്നു. കാപ്പീസില്‍ ഓസിആര്‍ കിട്ടില്ല എന്നറിഞ്ഞപ്പോള്‍ എനിക്ക് വന്ന ഒരു വിങ്ങല് ഓര്‍ത്താല്‍ മരിക്കാന്‍ തോന്നും. ജാക്ക് ഡാനിയേലുവെച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ പെടുന്ന പാട്.

Haree said...

"ദേ അമേരിക്കക്കാരെ വരെ അത് തിന്നാന്‍ പഠിപ്പിച്ചോണ്ടിരിക്കുമ്പോഴാണ് ഇങ്ങിനെയൊരു പാതകം." - ചുമ്മാതാണോ ഭക്ഷ്യക്ഷാമം വന്നത്. എന്നിട്ട് കുറ്റം ഞങ്ങടെ ചിദംബരം മന്ത്രിക്കും!
--

Anonymous said...

:)

Haree said...

സോറി, കഴിഞ്ഞ കമന്റില്‍ ‘ഭക്ഷ്യക്ഷാമം’ എന്നത് ‘കുത്തരിക്ഷാമം’ എന്നു തിരുത്തി വായിക്കുക. പിസ്തയുടേയും, ബര്‍ഗറിന്റെയും കാര്യം മറന്നുപോയി!
--

Calvin H said...

പ്രിയ അയല്‍ക്കാരന്‍ ,
ടെക്സാസില്‍ ഹാര്‍ഡ്‌ ഡ്രിങ്ക് വില്പന നിയമം മൂലം നിരോധിച്ചിര്‍ക്കുകയാ എന്നറിയാമോ താങ്കള്‍ക്ക്? അപ്പോഴാ ഓപീആര്‍....
അരിപ്രശനത്തിന്റെ ഇടയില്‍ മധ്യവര്‍ഗസമൂഹത്തിന്റെ കുടിപ്രശനങ്ങള്‍ കൊണ്ടുവരേണ്ടാ എന്നു കരുതി ഞാന്‍ മിണ്ടീയില്ല എന്നേ ഉള്ളൂ :)

Anonymous said...

ചിദംബരം ഇനി അമേരിക്കയിലെ അരിക്ഷാമത്തിനും സമാധാനം പറയണമെന്നാണോ പറഞ്ഞു വരുന്നത്? ഇവിടെ നാട്ടില്‍ തന്നെ അരിയുടെ വില ചന്ദ്രയാന്‍ കയറ്റി വിട്ട റോക്കറ്റ് പോലെ മേലോട്ട് കുതിച്ച് കൊണ്ടിരിക്കുമ്പഴാണ് ഊണ് കഴിഞ്ഞവര്‍ക്ക് പായ കിട്ടാത്തതിന്റെ മുറുമുറുപ്പ്... :)

Indiascribe Satire/കിനാവള്ളി said...

ഒരു നാല് ചാക്ക് കുത്തരി അയച്ചു തരണം എന്ന് ഉണ്ട്. പക്ഷെ ഭൂമി മുഴുവന്‍ മിച്ച ഭൂമി ആയി സര്‍കാര്‍ കൊണ്ടു പോയില്ലേ . അതിന് പകരം ആന്ധ്രയില്‍ നിന്നു വരുന്ന നാറിയ അരി കഴിച്ച കാലം മറന്നുവോ. എന്തായാലും അവിടെ ഒരു നാലെക്ക്ര വാങ്ങി കൃഷി തുടങ്ങിക്കോ. കുറച്ചു നമുക്കും അയച്ചു തരുമല്ലോ. അവിടെ സാമ്പത്തിക മാന്ദ്യം മൂലം വെറുതെ ഇരിക്കുന്ന കുറെ പേരെ ഇങ്ങോട്ട് അയച്ചാല്‍ നന്നായിരുന്നു. പറമ്പില്‍ പണിയാനും തെങ്ങ് കയറാനും ആളെ കിട്ടുന്നില്ല. സായിപ്പ് ഇട്ടു തരുന്ന കരിക്കിന് മധുരം കൂടുമല്ലോ.

Indiascribe Satire/കിനാവള്ളി said...

ഒരു നാല് ചാക്ക് കുത്തരി അയച്ചു തരണം എന്ന് ഉണ്ട്. പക്ഷെ ഭൂമി മുഴുവന്‍ മിച്ച ഭൂമി ആയി സര്‍കാര്‍ കൊണ്ടു പോയില്ലേ . അതിന് പകരം ആന്ധ്രയില്‍ നിന്നു വരുന്ന നാറിയ അരി കഴിച്ച കാലം മറന്നുവോ. എന്തായാലും അവിടെ ഒരു നാലെക്ക്ര വാങ്ങി കൃഷി തുടങ്ങിക്കോ. കുറച്ചു നമുക്കും അയച്ചു തരുമല്ലോ. അവിടെ സാമ്പത്തിക മാന്ദ്യം മൂലം വെറുതെ ഇരിക്കുന്ന കുറെ പേരെ ഇങ്ങോട്ട് അയച്ചാല്‍ നന്നായിരുന്നു. പറമ്പില്‍ പണിയാനും തെങ്ങ് കയറാനും ആളെ കിട്ടുന്നില്ല. സായിപ്പ് ഇട്ടു തരുന്ന കരിക്കിന് മധുരം കൂടുമല്ലോ.

Sundaran said...

okay.
fine.
carry on!

rice,
no rice,
beat-rice!

rise,
take up the cudgels,
beat 'em all and come back alone!
__________________________________
A True Western Story

chithrakaran ചിത്രകാരന്‍ said...

ഭൂമിലെവിടെയാലും അരിയുണ്ടായാല്‍ പോരേ... ഇറക്കു നെല്‍കൃഷി അമേരിക്കയിലും !

പാഞ്ചാലി said...

ഞാനും പാലക്കാടന്‍ മട്ട അരിയുടെ ഒരു ഫാന്‍ ആണ്. $8.99 ആയിരുന്ന 20 പൌണ്ട് ചാക്കിനിപ്പോള്‍ വില $34.99. എന്നിട്ടും സാധനം കിട്ടാനില്ല! അങ്ങനെ ഒരു ദിവസം ഇന്ത്യന്‍ സ്റ്റോറില്‍ ചെല്ലുമ്പോള്‍ ഇടയില്‍ ഒളിച്ചു കിടക്കുന്നു രണ്ടു പാക്കറ്റ് ചെമ്പ അരി (10 പൌണ്ട് പാക്കറ്റ്) $8.99 ന്! അരികളില്‍ കെങ്കേമന്‍ ചെമ്പാവരിയെന്നു പണ്ടു പഠിച്ചതോര്‍ത്തു ആര്‍ത്തിയോടെ രണ്ടു പാക്കെറ്റും കയ്യിലാക്കി. വീട്ടില്‍ കൊണ്ടു വന്നു പ്രഷര്‍ കുക്കറില്‍ 2 വിസില്‍ കുക്കിംഗ് നടത്തി സ്റ്റീം കളഞ്ഞു കഞ്ഞി വാര്‍ക്കാന്‍ നോക്കുമ്പോളുണ്ട് അരിയെല്ലാം വെന്തളിഞ്ഞു ഒരു കട്ടയായി ഇരിക്കുന്നു. പിന്നെ അത് കേക്ക് പോലെ മുറിച്ചു തിന്നേണ്ടി വന്നു. പിന്നെയാണറിഞ്ഞത് ചെമ്പ ഒരുപ്പുഴുക്കനാണെന്നും കുക്കറില്‍ വേവിക്കാന്‍ കൊള്ളില്ലെന്നും മറ്റും! കുക്കറൊഴിവാക്കി തിളപ്പിച്ച് വാര്ത്തെടുത്തപ്പോള്‍ അത്യുഗ്രന്‍! ഇപ്പോള്‍ ചെമ്പാവരിയും തീര്‍ന്നു! ഇനി "അങ്കിള്‍ ബെന്‍" (ഇവിടെ കിട്ടുന്ന ഒരു പാര്‍ ബോയില്‍ഡ് റൈസ്) തന്നെ ശരണം! നാട്ടുമ്പുറത്തെ ഇറച്ചിവെട്ടുകാരെപ്പോലെ റാക്കിലിരുന്നു നിറപറയും പവിഴവും ഡബിള്‍ ഹോഴ്സും മറ്റും മാടി വിളിച്ചിരുന്ന അന്ത നല്ല നാളുകളെയോര്‍ത്തു ഇപ്പോള്‍ ഞാന്‍ നെടുവീര്‍പ്പെടുന്നു! :(

പ്രയാണ്‍ said...

അറിഞ്ഞില്ലേ... കേരളം ഇപ്പൊ midas touch ലാണ്... കേരളത്തില്‍ സ്വര്‍ണ്ണം വിളയുന്ന പാടം മാറി സ്വര്‍ണ്ണ വിലയുള്ള പാടമായിരിക്കുന്നു...പാടമില്ലെങ്കില്‍ നെല്ലില്ല നെല്ലില്ലെങ്കില്‍ കുത്തരിയില്ല....സ്വര്‍ണ്ണം തിന്നാനുള്ള വഴി കണ്ടു പിടിച്ചിട്ടില്ലാത്തസ്ഥിതിക്ക് പച്ചരി തിന്ന് വിശപ്പ് മാറ്റാം...

Mrs. K said...

അതുതന്നെ! എനിക്കൊരു കുഞ്ഞുപാക്കറ്റ് കുത്തരി കിട്ടി കഴിഞ്ഞ് പ്രാവശ്യം ഇന്ത്യന്‍ സ്റ്റോറില്‍ പോയപ്പൊ. കുക് ചെയ്താല്‍ തീറ്ന്ന് പോവല്ലോന്നോറ്ത്ത് സൂക്ഷിച്ച് വെച്ചിരിക്കയാ..എമറ്ജന്‍സി സിറ്റുവേഷനില്‍(എന്ന് വെച്ചാ മീങ്കറിയും ചമ്മന്തിയുമൊക്കെ ഉള്ളപ്പോ) എടുക്കാം.

ഗുപ്തന്‍ said...

അമേരിക്കാക്കാരിയാണല്ലേ. ഇനീം പോസ്റ്റിടുന്നതിനുമുന്‍പ് ഈ സി ഐ എ ലിസ്റ്റ് നോക്കി ഇട്ടോളൂ :)

പാഞ്ചാലി said...

ഗുപ്താ, ഇഞ്ചിപ്പെണ്ണ് C I A ലിസ്റ്റ് നോക്കിയതു കൊണ്ടാണ് പളനിയപ്പന്‍ ചിദംബരത്തിന് തന്നെ എഴുതിയത് എന്നാണ് എനിക്ക് തോന്നുന്നത്! അരിപ്രശ്നം ആണല്ലോ ഇപ്പോള്‍ വീട്ടിലെ മെയിന്‍ പ്രശ്നം. അത് കൊണ്ടു "വീട്ടു കാര്യങ്ങള്‍" (Home affairs) കൈകാര്യം ചെയ്യുന്ന മന്ത്രിക്കു തന്നെ ഇരിക്കട്ടെ എഴുത്ത് എന്ന് ഇഞ്ചി കരുതി.അത്രമാത്രം! അതിലെന്താ ഇത്ര തെറ്റ്?

:)
(ആവു‌...ഒത്തിരി നാള് കൂടി ഒരു ചളമടിക്കുന്നതാ!!! എന്തൊരാശ്വാസം!!!)

ശ്രീവല്ലഭന്‍. said...

കോണ്ടലീസ റൈസ് അമേരിക്കയില്‍ ഇല്ലേ? :-)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അങ്ങനാ ഞങ്ങള്‍ ഒരു തായ്‌ലാന്റ് അരി പരീക്ഷിക്കന്നു വച്ചത്. ആനേടെ പടമൊക്കെയുള്ള ലവന്റെ പേര്‍ ഫൈവ്സ്റ്റാര്‍ എലെഫെന്റ്... കഴിഞ്ഞ പ്രാവശ്യം പട്ടേല്‍ ഷോപ്പില്‍ പോവുമ്ബോഴേ കരുതീതാ ഒരു ചെയ്ഞ്ചിനു വല്ലതും എടുക്കാന്ന്. അപ്പോ ചെയ്ഞ്ചിനാക്കെണ്ടിവന്നില്ലാ. കാര്യത്തിനു തന്നെ എടുത്തൂ.ലവന്‍ കൊള്ളാം വച്ചപ്പോ തന്നെ ഒരു നെയ്ച്ചോറിന്റെ മണം. തിന്നനും മോശല്ല്യ... ഒരൊറ്റ ആശ്വാസം അടുത്ത്മാസം മുതല്‍ മുത്തശ്ശിയുമായൊരാത്മബന്ധം വീണ്ടും കൈവരുംന്നതിലാണ്. ശ്രീഹരീ... സോറി, നിനക്കുംകൂടെ വേണ്ടി ഞാന്‍ കഴിച്ചോളാം... മേ ഹൂ നാ...

Inji Pennu said...

ഗുപ്തര്‍ജി ആന്റ് പാഞ്ചാലിജി
നിങ്ങളിതേവിടാരുന്നു ഈ അരി ബാന്‍ നടന്നപ്പോ? ഈ അരിക്ക് ബാനിട്ടത് ചിദംബരമാണ്. നിങ്ങടെ പോലെയല്ല ഞാന്‍ ഇത് കുറേ നാളായി സഹിക്കുന്നു, കഴിഞ്ഞ മെയ് മുതല്‍ എല്ലാ മാസവും അദ്ദേഹം പറയും ദേ ഈ കഴിഞ്ഞ സെപ്റ്റമ്പര്‍ വരെ മനുഷ്യനു ആശ തന്നു, ഇപ്പൊ ബാന്‍ കളയും ഇപ്പൊ ബാന്‍ കളയും എന്നു. വെറുതെ ചിദംബരം റൈസ് എന്നൊന്നു ഗൂഗിളില്‍ സേര്‍ച്ചിയാല്‍ അറിയ്യാം ആ മനുഷ്യന്‍ എത്ര പ്രാവശ്യം ഇത് തന്നെ പറഞ്ഞു എന്നു. പിന്നെ വാക്കു പാലിക്കാത്താ‍ളോടു തന്നെയാല്ലണ്ട് ഞാന്‍ ആര്‍ക്കെഴുതും എന്റെ ദെണ്ണം? ങ്ങേ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പിന്നെ കഴിഞ്ഞ നവരാത്രി ഒഴിവിനു നമ്മുടെ പെണ്കൊടി, ഫ്രം അപ്പൂപ്പന്‍ താടികള്‍, ദുഫായിക്ക് അച്ചനേം അമ്മയേം കാണാന്‍പോയപ്പൊ വല്ല്യ ഒരു പെട്ടിയല്‍ കൊള്ളാവുന്ന അത്രെം അരി പേക്കുമായാ പോയത്. ഉണ്ണാന്‍ അരിയുമായി വിമാനത്തില്‍..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

അമേരിക്കയില്‍ മട്ട വിളയിച്ച്‌ പാലക്കാട്ടേക്കു കയറ്റി അയക്കണം. വടക്കേ ഇന്ത്യയില്‍ വളരുന്ന കേരളീയരുടെ കുട്ടികളെ മലയാളംപഠിപ്പിച്ച്‌ കേരളത്തിലെ സ്ക്കൂളുകളില്‍ മലയാളം വാദ്ധ്യാന്‍മാരാക്കണം. മുന്നൂറു വര്‍ഷത്തിനപ്പുറത്ത്‌ വാമൊഴി മാത്രമാകാന്‍ പോകുന്ന ആഭാഷക്ക്‌ ക്ളാസിക്‌ പദവി വേണം പോലും. (ഉദ്ദേശ്യം അതിണ്റ്റെ പിന്നിലുള്ള കോടികളാണേ)

പക്ഷേ പാലക്കാടും ഇന്ന് നെല്ലിണ്റ്റെ കുടുസറയായിരിക്കുകയാണ്‌. പാലക്കാട്ടു നിന്നും ഒരാള്‍ ഗള്‍ഫിലേക്കു പോയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു ഇരുപൂ വിളയുന്ന എട്ടു പറ ക്കണ്ടത്തിനു ചുറ്റും മതിലുയരും. പിന്നെഅതിലൊരു കെട്ടിടം പൊന്തും. പാലക്കാട്‌ ടൌണിലേക്കോ, (കണ്ണാടി, യാക്കര ഭാഗം) പിന്നെ ചിറ്റൂറ്‍, തുടങ്ങിയ സ്ഥലങ്ങളിലേക്കോ ഒക്കെ യാത്ര ചെയ്യുമ്പോള്‍ ഇങ്ങിനെ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടി മരിക്കുന്ന ചെറിയ കണ്ടങ്ങള്‍ ഇടയ്ക്ക്‌ കണ്ടെങ്കിലായി എന്നതാണ്‌അവസ്ഥ. കൃഷിപ്പണിക്ക്‌ ആളെ കിട്ടാനും പ്രയാസമാണ്‌. (ഞങ്ങള്‍ താമസിക്കുന്ന ആലത്തൂറ്‍ എരിമയൂറ്‍ ഭാഗങ്ങളിലൊക്കെ നെല്‍കൃഷി ഇപ്പോഴും ലാഭകരവുംസജീവവുമാണ്‌. അങ്ങിനെ കൃഷി പാലക്കാട്‌ തന്നെ ചില പോക്കറ്റുകളില്‍മാത്രമായി ഒതുങ്ങുകയാണ്‌).

അപ്പോള്‍ തമിഴ്‌ നാടില്‍ നിന്നും പച്ചക്കറിയും ആന്ധ്രയില്‍ നിന്നുംഅമേരിക്കയില്‍ നിന്നും അരിയും. അങ്ങിനെ വേണം.

മുസാഫിര്‍ said...

ഗള്‍ഫിലും ഇതു പോലെ പ്രശ്നം വന്നപ്പോള്‍ ഞങ്ങളൊക്കെ ഇന്‍ഡോനേഷ്യയില്‍ നിന്നും വരുന്ന യു എസ് സ്റ്റൈല്‍ എന്ന അരിയിലേക്ക് മാറി.ഇപ്പോള്‍ കൂറേശ്ശേ കല്ലും കട്ടയുയുമുള്ള മട്ട കിട്ടിത്തുടങ്ങീയിട്ടുണ്ട്.ഓണമാവുമ്പോഴേക്കും അവിടേ എത്തുമെന്ന് പ്രതീക്ക്ഷിക്കാം.

ചീര I Cheera said...

അതേയ്, ഇവിടെ ഇപ്പോള്‍ ട്രിപ്പിള്‍ സെവന്‍ എന്നൊരു അരിയുണ്ട്. തായ്‌ലന്റ്ന്നാണത്രേ..
മട്ടയും ചെമ്പാവുമൊക്കെ നിന്നപ്പോഴാണ് ഇത് കണ്ണില്‍ പിടിച്ചത്.
നാട്ടിലോളം വരില്ലെങ്കിലും, പശയും കുറവ്, വാസനയും നന്ന്, പോരാത്തതിന് വലിയ അരിയും, വേവോ ഒരു മണിക്ക്കൂറിലധികം വേണ്ടേ വേണ്ട അതു കൊണ്ട് തല്‍ക്കാലം അഡ്ജസ്റ്റ് ചെയ്തു പോവാം എന്നാണ് ഇവിടത്തെ (ചോറ്)വിദഗ്ദ്ധരുടെ അഭിപ്രായം. അവിടെ ഈ തായ്‌ലന്റ് കുട്ടപ്പനെ കിട്ടുമെങ്കില്‍ ഒരു കൈ നോക്കാവുന്നതാണ്.

(ഇവിടെ കറിവേപ്പില ചട്ടിയില്‍ വളര്‍ന്നു തുടങ്ങി,പച്ചമുളക് ഇട്ട്റ്റ് വെച്ചിട്ടുണ്ട്, ഇനിയും എന്തൊക്കെ വേണ്ടി വരുംന്നറിയാത്തോണ്ട്, ചട്ടിയും മണ്ണുമൊക്കെ റെഡിയാക്കി വെച്ചിരിയ്ക്കാ..):)

Radheyan said...

തായ് ഡബ്‌ള്‍ ബോയില്‍ഡ് അരി ഒന്നു പരീക്ഷിക്കൂ.പീ.ആര്‍ പറഞ്ഞ സാധനം തന്നെ.

പച്ചരി പോലെ അത്ര മോശമല്ല,പശിമ തീരെ ഇല്ല,നാറ്റവുമില്ല (നാട്ടില്‍ ഇതിനു സമാനമായ അരിയെ പണ്ട് റേഷന്‍ ചാക്കരി എന്ന് വിളിച്ച് അപമാനിച്ചതില്‍ പശ്ചാതാപം തോന്നുന്നു).കുത്തരിക്ക് ഒരു നിയര്‍ സബ്സ്റ്റിറ്റ്യൂട്ട്.(എനിക്ക് സങ്കടം ഇഡ്ഡലി ഉണ്ടാക്ക്കുന്ന ഡൊപ്പി അരി കിട്ടാത്തതിലാണ്.പൂവിനെകാള്‍ മൃദുലമാണ് ആ അരിയുടെ ഇഡ്ഡലി)


ഈ വാശിയില്‍ കൃഷിയിറക്കിയാല്‍ അത്രയും നന്ന്.നാണയപെരുപ്പം നിയന്ത്രിക്കാനാണ് അരി കയറ്റുമതി നിരോധിച്ചത്.അന്ന് നാണയപെരുപ്പം 14%.ഇന്നത് ആറര%.കൂടാതെ ഇന്ത്യന്‍ കറന്‍സി കടുത്ത വില്‍പ്പന സമാര്‍ദ്ദവും വിലയിടിവും നേരിടുന്നു.ഇനിയും എന്തിനാണോ ഈ നിയന്ത്രണം.അതും കുത്തരി പോലെ ഇന്ത്യയില്‍ മലയാളികളല്ലാതെ ആരും തിന്നാത്ത അരിയുടെ മേല്‍..

ഓടോ.കുത്തരി കൊണ്ട് ഇഡ്ഡലി ഉണ്ടാക്ക്കുമോ

അയല്‍ക്കാരന്‍ said...

കുത്തരിച്ചോറ് ഉണ്ണുന്നതിന്‍റെ പോഞ്ഞാറ് കിട്ടില്ല എന്ന ഒരു സംഗതിയൊഴിച്ചാല്‍ വസുമതി തന്നെ അടിപൊളി. അഞ്ചു കൊല്ലമായിട്ട് അതുതന്നെയാണ് ഞാനൊക്കെ തിന്നുന്നത്. പിന്നെ തായ് അരി എന്തിനാ?വീട്ടില്‍ നിന്നു കൊണ്ടുവന്ന രണ്ടുപൌണ്ട് കുത്തരി ഇപ്പഴും അലമാരിയിലിരിക്കുന്നു.

Inji Pennu said...

രാധേയാ
ആ ഞാന്‍ ഈ പാ‍ലക്കാടന്‍ മട്ടയുടെ കാര്യം ഒരു ആന്ധ്രക്കാരി കൊച്ചിനോട് പറഞ്ഞപ്പോ അത് ദേ അത് വെച്ച് കഞ്ഞി മുതല്‍ കമ്പ്ലീറ്റ് പരീക്ഷണം ആയിരുന്നു. എന്നിട്ട് സൂപ്പര്‍ ഇഡഡലി വരെ ഉണ്ടാക്കി.
idli

ഇവിടെ ഞങ്ങളൊക്കെ അതിനു മുന്‍പും ഉഴുന്നിന്റെ കൂടെ ഇതരക്കും, പക്ഷെ പച്ചരിയും ഇടും.

Inji Pennu said...

അയല്‍ക്കാര
ബസ്മതി പോളിഷ്ഡ് വൈറ്റ് റൈസാണ്. അല്ലെങ്കില്‍ പച്ചരിയൊക്കെയും. അത് അങ്ങിനെ നമ്മള്‍ തിന്നുന്ന പോലെ തിന്നുന്നത് നല്ലതല്ല. പോളിഷ്ട്ഡ് വൈറ്റ് റൈസ് ചപ്പാത്തിയൊക്കെ തിന്നു കഴിഞ്ഞു ഒരു സൈഡ് ഐറ്റം പോലെയാണെങ്കില്‍ അത്ര കുഴപ്പമില്ല. പക്ഷെ നമ്മളീ കാണിക്കുന്ന പോലെ ചോറ് പ്രധാന ഐറ്റമാണെങ്കില്‍ കുത്തരി പോലെ ഫൈബര്‍ കണ്ടന്റ് ഉള്ള അരിയാണ് ഉത്തമം. അതുപോലെ വൈറ്റ് റൈസ് ഒരുപാട് പ്രോസസ്സിങ്ങിലൂടെ കടന്നു പോകുന്നു. വെളുത്ത പഞ്ചസാര പോലെ. പഞ്ചസാര നമ്മള്‍ ഒരു ടീസ്പൂണ്‍ അല്ലേ ഉപയോഗിക്ക്കുന്നുള്ളൂ. ചോറ് പക്ഷെ അങ്ങിനെ അല്ലല്ലോ?
വൈറ്റമിന്‍ ഇ, തിയാമിന്‍, റിബോഫ്ലേവിന്‍, ബി-6, അയേണ്‍, അങ്ങിനെ അരിയിയുടെ ബാണിലൂടെ കിട്ടുന്ന കുറേയധികം പ്രധാന സംഗതികള്‍ ഈ പോളിഷിങ്ങിലൂടെ പോവുകയാണ്. മൈദയും ഗോതമ്പും തമ്മിലുള്ള വിത്യാസങ്ങളാണ് പച്ചരിയും കുത്തരിയും തമ്മില്‍. മൈദ അധികം കഴിക്കരുത് എന്നില്ലേ?

മേരിക്കുട്ടി(Marykutty) said...

"റൈസ് ബാണ്‍ ഓയില്‍ ഉള്ളോണ്ട് നിറപറ ആരും വാങ്ങിക്കില്ല": എനിക്ക് മനസ്സിലായില്ല. റൈസ് ബാണ്‍ ഓയില്‍ ഇവിടെ കടയില്‍ കണ്ടപ്പോള്‍ നല്ലതാണെന്ന് വിചാരിച്ചു ഞാന്‍ ഒരു പായ്ക്ക് വാങ്ങി. നല്ലതല്ലേ??? ദിസ് റൈസ്, ഡബിള്‍ ബോയില്‍ഡ്, ദ ബാണ്‍ സ്റ്റിക്ക്സ് റ്റു ദ റൈസ് ഗ്രെയിന്‍, സൊ വെരി ഗുഡ് ഗുഡ്- ഒന്നു മനസ്സിലാക്കി തരാമോ??

Inji Pennu said...

മേരിക്കുട്ടി എനിക്ക് ആധികാരികമായി പറയാന്‍ അറിയില്ല, പക്ഷെ ഞങ്ങളൊക്കെ ഇവിടെ നിറപറയാണ് വാങ്ങിയിരുന്നത്. റൈസ് ബ്രാന്‍ ഓയില്‍ നല്ലതാണെന്ന് കേട്ടിട്ടുണ്ട്, പക്ഷെ അത് ചോറിന്റെ കൂടെ വേണ്ടല്ലോ. നിറപറ അരി നിറയേ എണ്ണമയമാണ്. വേവും കൂടുതലാണ്, അതുകൊണ്ടെന്ന് തോന്നുന്നു. പൊതുവേ നെഗറ്റീവ് അഭിപ്രായം ആണ്.

അത് വെള്ള അരി ഉണ്ടാക്കുന്നത്, അതിന്റെ ഹസ്ക് കളഞ്ഞ് അത് പോളിഷ് ചെയ്തിട്ടല്ലേ? പക്ഷെ കുത്തരിക്ക് അതിന്റെ ഹസ്കോടെ അല്ലേ പുഴുങ്ങുന്നത്? അതുകൊണ്ട് കുറച്ച് ബ്രാന്‍ ഉള്ളതു അതിന്റെ ന്യൂട്ടറിയന്‍സ് കൂട്ടുന്നു എന്നു കരുതുന്നു.

പിന്നെ അരി/ഗോതമ്പ് എന്നിവയുടെ ബ്രാനില്‍ ആര്‍സെനിക്ക് ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. അതുകൊണ്ട് ഗുണങ്ങള്‍ ഉണ്ടെങ്കിലും ഈ അര്‍സെനിക്ക് കാരണം അത് വിപരീത ഫലം ചെയ്യുമെന്ന്. എനിക്ക് അറിവില്ല അത് കേട്ടോ ഉറപ്പായിട്ടോന്നും.

keraladasanunni said...

ജിതേന്ദ്രകുമാറിന്‍റെ അഭിപ്രായം ശരിയാണ്. പാലക്കാട് നെല്‍കൃഷി ഇല്ലാതാവുന്നു.1982ല്‍ സെന്‍റിന്ന് 25രൂപ വിലക്ക് ഞാന്‍ ചോദിച്ച സ്ഥലത്തിന്ന് 2002ല്‍ സെന്‍റിന്ന് 50000രൂപ വില. അന്ന് 40രൂപ വെച്ച് തരാമെന്ന് പറഞ്ഞതാണ്. അത് വാങ്ങിയിരുന്നെങ്കില്‍ ഇന്ന് കോടീശ്വരന്‍ ആയേനെ. അമേരിക്കയില്‍ ചുളു വിലക്ക് സ്ഥലം കിട്ടുകയാണെങ്കില്‍ മടിക്കരുത്. റിയല്‍ എസ്റ്റേറ്റ് ഒന്നു വെച്ചാല്‍ ഒരു ലക്ഷം കിട്ടുന്ന മുച്ചീട്ടു കളിയാണ്.
palakkattettan

Siju | സിജു said...

ചിദംബര്‍ജി താജ് കത്തിച്ചതിന്റെ തെളിവുമായി അമേരിക്കേലോട്ട് പോന്നിട്ടുണ്ട്. ഒന്നു നേരിട്ട് കണ്ട് പറഞ്ഞുനോക്ക്..

ഏഏഏഏഏഏഏഏമ്മ്മ്മ്മ്മ്മ്

കുത്തരിച്ചോര്‍ പരിപ്പുകറീം ചമ്മന്തീം കൂട്ടി കുറച്ചധികം കഴിച്ചു പോയി.. ഒരേമ്പക്കം വിട്ടതാ.. :-)

എതിരന്‍ കതിരവന്‍ said...

ഇഡ്ഡലി റൈസ് ഇല്ല. പകരം കടക്കാരൻ വിശ്വസിപ്പിച്ച് വാങ്ങിപ്പിച്ച അരി അരച്ച് ഉഴുന്നരച്ചതും കൂട്ടിയപ്പോൾ വല്യ കുഴപ്പം കണ്ടില്ല. പിറ്റേന്ന് പുളിച്ചു പൊങ്ങുകയും ചെയ്തു. ഇഡ്ഡലി ഉണ്ടാക്കി, വിരുന്നുകാർക്ക് വിൾമ്പേണ്ടതാ. വെന്തോ എന്നു കുത്തിനോക്ക്ക്കാൻ ഒരു കത്തിയുടെ മൂർച്ച താഴത്താൻ നോക്കി. ഇഷ്ടികയ്ക്കില്ല ഇത്രേം കട്ടി. ഇനി എന്നാ ചെയ്യും. അപ്പത്തിനു കലക്കി വച്ചിട്ടും ഇല്ല. ഇഷ്ടലി കുനുകുനാ നുറുക്കി ഉപ്പുമാവാക്കി. വിരുന്നുകാരുടെ ഭാഗ്യം! ചിദംബരത്തിനു സ്തുതി.

Bindhu Unny said...

ഇനീ അവിടെ അരികൃഷി തുടങ്ങീട്ട് ഇങ്ങോട്ട് കുത്തരി കയറ്റിയയക്കുമോ ആവോ! :-)

poor-me/പാവം-ഞാന്‍ said...

Let the beginning be from your side.
Get a chack of seed .
sow it .
Nad the njaar.
Drop dung(not you.,but by Cows)
kill chazhees
soak coconut cake in water keep aside for 3 days drop it at farm when police knock at your door (bad smell)
reap it
You got pesstle(spelling?) there
get rice , thavid ,husk,musk
eat well
and lead a happy life
Errr..
PC is our poor Police minister!
Regards HNY)
http://manjalyneeyam.blogspot.com

ജയരാജന്‍ said...

"അതുപോലെ വൈറ്റ് റൈസ് ഒരുപാട് പ്രോസസ്സിങ്ങിലൂടെ കടന്നു പോകുന്നു. വെളുത്ത പഞ്ചസാര പോലെ."
"മൈദയും ഗോതമ്പും തമ്മിലുള്ള വിത്യാസങ്ങളാണ് പച്ചരിയും കുത്തരിയും തമ്മില്‍. മൈദ അധികം കഴിക്കരുത് എന്നില്ലേ?"
ഇത് വായിച്ചപ്പോ ആദ്യം ഞാനും "അയ്യോ" എന്നായി; കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പച്ചരി മാത്രമേ കഴിക്കുന്നുള്ളൂ :(
പിന്നെയാ ആലോചിച്ചത്: എന്ത് പ്രൊസസ്സിങ്ങ്? മൈദയും പഞ്ചസാരയും ഒക്കെ പ്രൊസസ്സിങ്ങ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാം, കാരണം ഞാന്‍ കണ്ടിട്ടില്ല. പക്ഷേ അരി?
എത്രയോ പ്രാവശ്യം നെല്ല്‌ മില്ലില്‍ കൊണ്ടുപോയി കുത്തിക്കൊണ്ടുവന്നിട്ടുണ്ട്. അതിനും മുമ്പ് അമ്മയും ചേച്ചിമാരും നെല്ല്‌ കുത്തുമ്പോള്‍ എത്രയോ പ്രാവശ്യം "ഒലക്കൂണ്ടില്‍" (= ഉലക്ക + കുണ്ട്; മുറ്റത്ത് ഇടങ്ങഴി വലിപ്പത്തില്‍ കുഴിയുണ്ടാക്കി ചാണകം മെഴുകിയാല്‍ "ഒലക്കൂണ്ട്‌" റെഡി) നിന്നും തവിട് വാരിത്തിന്നിട്ടുണ്ട്. തവിടെന്നാല്‍ അതാണ്‌ തവിട്; ഒരു നുള്ള്‌ ഉമി പോലും കലരാത്ത ശുദ്ധ തവിട്‌! ആ തവിടും കൊണ്ട് വൈകുന്നേരം കഴിക്കാന്‍ പലഹാരം പോലും ഉണ്ടാക്കാറുണ്ടെന്നാണോര്‍മ (ഹോ നൊസ്റ്റാള്‍ജിയ). സോറി, ഞാന്‍ കാട് കയറുന്നു :(
നെല്ല്‌ പുഴുങ്ങി നിഴലത്തുണക്കി കുത്തിയാല്‍ പുഴുങ്ങലരി. നെല്ല്‌ പുഴുങ്ങാതെ ഉണക്കി കുത്തിയാല്‍ പച്ചരി. ഇത്രയേ ഉള്ളൂ. പിന്നെ ഇത്രയും കഷ്ടപ്പെട്ട് നെല്ല്‌ പുഴുങ്ങുന്നതെന്തിനാ എന്ന് ചോദിച്ചാല്‍ അമ്മ പറയും:
1. പച്ചരി എത്ര തിന്നാലും വയര്‍ നിറയില്ല; മാത്രവുമല്ല പണി എടുക്കാനും ഉഷാര്‍ ഉണ്ടാവില്ലത്രെ. "പച്ചേരി ത്‌ന്നണ്ട; കാമല ക്‌ട്ടും" എന്നൊരു ചൊല്ല്‌ തന്നെ നിലവിലുണ്ട്‌ (ഇത്‌ ഞങ്ങള്‍ പുഴുങ്ങലരി കൊറിക്കുമ്പോഴും പറയാറുണ്ട്‌ - ഇവിടെ "പച്ച" എന്നതിന്‌ വേവിക്കാത്ത എന്ന അര്‍ത്ഥമാകണം ഉദ്ദേശിക്കുന്നത്‌)
2. ഉണക്കം ശരിയായില്ലെങ്കില്‍ പച്ചരി കുത്തുമ്പോള്‍ മൊത്തം പൊടിഞ്ഞ്‌ പോകും. പൊടിയുന്ന അരിയില്‍ പകുതിയും തവിടിന്റെ കൂടെ ആയിരിക്കും കിട്ടുക. എന്ന്‌ വച്ചാല്‍ പച്ചരി കുത്തിയാല്‍ പശുവിന്റെ കാര്യം കുശാല്‍ :)
പിന്നെ സ്വാദ്‌, പോഷക മേന്മ എന്നിങ്ങനെ കുറെ ന്യായങ്ങളും. (അന്നൊക്കെ ഞങ്ങള്‍ക്ക് പച്ചരിയായിരുന്നു ഇഷ്ടം. പിന്നെ നാട്ടില്‍ നിന്നും പുറത്ത് വന്നപ്പോഴല്ലേ അതിന്റെ സ്വാദ് മനസ്സിലായേ :( )
അതെന്തായാലും ഇപ്പൊ വന്‍കിട മില്ലുകാര്‍ പ്രൊസസ്സിങ്ങ് വല്ലതും ചെയ്യുന്നുണ്ടോ എന്നറിയില്ല. അഥവാ ഉണ്ടെങ്കില്‍ അത് പച്ചരിക്കും പുഴുങ്ങലരിക്കും ഒരുപോലെയായിരിക്കും എന്നാണ്‌ എനിക്കു തോന്നുന്നത്‌ - തവിട് ഇല്ലാത്ത പുഴുങ്ങലരിക്ക്‌ പ്രത്യേകിച്ചും.
അതുമല്ല, തമിഴര്‍, കന്നഡിഗര്‍, തെലുഗര്‍ എന്നിവര്‍ പച്ചരി മെയിന്‍ ഐറ്റം ആയിത്തന്നെ കഴിക്കുന്നവരല്ലേ?
എന്ന്‌ വച്ച്‌ പച്ചരി കേമമെന്നല്ല - മൈദയും പഞ്ചസാരയും ഒക്കെ പോലെ പ്രൊസസ്സ്ഡ് അല്ല എന്നേ ഉദ്ദേശിച്ചുള്ളൂ.
(ഹാവൂ, കഴിഞ്ഞാഴ്ച വാങ്ങിയ 2 പായ്ക്ക്‌ പച്ചരി തീരുന്നത്‌ വരെ ഇനി മനസ്സമാധാനമായി ചോറ്‌ കഴിക്കാം :) )

Praveen payyanur said...

:-)?

Anonymous said...

very good post inji.
we have been checking with different indian stores in all the nearby cities to get kuthari. i am trying different brands of parboiled rice and nothing can beat the yummy kuthari.

ജയരാജന്‍ said...

പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തോന്നുന്നുഇവിടെ നോക്കൂ